മുഹമ്മ: റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ നാലാംദിവസവും ആലപ്പുഴ കുതിപ്പ് തുടരുന്നു. പ്രധാനവേദിയായ മുഹമ്മ മദർതെരേസ ഗ്രൗണ്ടിലെ ട്രാക്കിൽ ആധിപത്യം പുലർത്തിയ ആലപ്പുഴ ഉപജില്ല എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറ്റം. 25 സ്വര്‍ണവും 20 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 230 പോയന്റ് നേടിയാണ് മുന്നിലെത്തിയത്.
187 പോയന്റ് സ്വന്തമാക്കിയ ചേർത്തല ഉപജില്ലയാണ് രണ്ടാമത്. 20 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം. 60 പോയന്റുനേടിയ മാവേലിക്കര ഉപജില്ലയാണ് തൊട്ടുപിന്നിൽ. തുറവൂർ -38, ഹരിപ്പാട് -27, കായംകുളം -ഒമ്പത്, ചെങ്ങന്നൂർ -എട്ട് , അമ്പലപ്പുഴ -നാല്, മങ്കൊമ്പ് -രണ്ട്, തലവടി -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
കായികമേളയുടെ അഞ്ചാം ദിനമായ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ മത്സരങ്ങൾ ആരംഭിക്കുക. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാലാണ് രാവിലെ മത്സരങ്ങൾ ഒഴിവാക്കിയത്. സീനിയർ വിഭാഗത്തിലെ ഓട്ടം, ഹർഡിൽസ്, ലോങ്ജംപ്, ഷോട്ട്പുട്ട് മത്സരങ്ങളാകും നടക്കുക.
നാലാംദിവസത്തെ മത്സരവും മഴചതിച്ചു. രാവിലെ മത്സരം തുടങ്ങിയെങ്കിലും 11നാണ് അപ്രതീക്ഷിത മഴ പെയ്തത്. തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. മഴ തോർന്നതോടെ ഗ്രൗണ്ട് വൃത്തിയാക്കിയാണ് മത്സരങ്ങൾ നടത്തിയത്. വെള്ളം നിറഞ്ഞുകിടന്ന ഗ്രൗണ്ടിലൂടെ ഓടാൻ പല കായികതാരങ്ങൾക്കും ബുദ്ധിമുട്ട് നേരിട്ടു.
മുഹമ്മ: എട്ടുവർഷം മുമ്പ് ജ്യേഷ്ഠൻ സ്വന്തമാക്കിയ ചാമ്പ്യൻഷിപ്പിന് അവകാശിയായി അനുജനും. സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടം, 400 മീറ്റർ, 400 മീറ്റർ റിലേ ഇനത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് പുന്നപ്ര സെന്റ് ജോസഫ് എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പി.ബി. ഫെബിൻ വ്യക്തിഗത ചാമ്പ്യനായത്.
ഫെബിന്റെ ആദ്യ സ്കൂൾ മീറ്റായിരുന്നു. പുന്നപ്ര പള്ളിപ്പറമ്പിൽ ബിജുവിന്റെയും ജെസിയുടെയും മകനാണ്. സഹോദരൻ ഡിഗ്രി വിദ്യാർഥിയായ എബിൻ എട്ടുവർഷം മുമ്പ് ഇതേ ചാമ്പ്യൻഷിപ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.