മുഹമ്മ: ജീവിതത്തിൽ തനിച്ചാക്കിയ വിധിയോട് പടപൊരുതുന്ന മഹേഷിന് കായികമേളയിൽ സുവർണനേട്ടം. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയായ മഹേഷ് സ്വർണം എറിഞ്ഞിട്ടത്. അമേച്വർ അത്ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായിരുന്ന മഹേഷ് ഡിസ്കസ്,ഹാമർ ത്രോ ഇനങ്ങളിലാണ് മത്സരിച്ചിരുന്നത്.
ആലപ്പുഴ തുമ്പോളി വികസനം പടിഞ്ഞാറ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന മഹേഷ് പ്രാരബ്ധങ്ങളോടും ഏകാന്തതയോടും പടവെട്ടിയാണ് കായികരംഗത്ത് പൊരുതുന്നത്. ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമിയിലെ പരിശീലകൻ കിരൺ എബ്രഹാമും മുൻ പരിശീലകനായ റോഷനും സ്കൂളിലെ അധ്യാപകരുമൊക്കെയാണ് മഹേഷിന് പിന്തുണ.
മാനസികമായി തളർന്നിരുന്ന മഹേഷിനെ തിരികെ ജീവിതത്തിലേക്കും കായികരംഗത്തും സ്വപ്നം കാണാൻ പഠിപ്പിച്ചത് അവരാണ്. പരിശീലകർക്കുള്ള ഗുരുദക്ഷിണയാണ് മഹേഷിന് ഈ സ്വർണം.
ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ തോമസ് ജോസഫ് വാങ്ങി നൽകിയ സ്ഥലത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടാണ് മഹേഷിനായി വീട് നിർമിച്ച് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.