ആലപ്പുഴ: ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റുകൾ തുടർച്ചയായ അഞ്ചാംദിവസവും മുടങ്ങി. മാവേലിക്കരയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. പുതിയ പരിഷ്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർത്തിയതോടെയാണ് തിങ്കളാഴ്ചയും ടെസ്റ്റുകൾ മുടങ്ങിയത്. മാവേലിക്കരയിൽ മാത്രമാണ് പുതിയ രീതിയിൽ ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ളത്. അപേക്ഷകരായ മൂന്നുപേർ ഇവിടെ ഹാജരായിരുന്നു.
ഇതോടെ ടെസ്റ്റ് നടത്താൻ അധികൃതർ മുന്നോട്ടുവന്നതോടെ ഡ്രൈവിങ് സ്കൂൾ സംയുക്തസമരസമിതി നേതാക്കൾ പ്രതിഷേധമുയർത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. ടെസ്റ്റിന് എത്തിയവർക്ക് ഡ്രൈവിങ് സ്കൂൾ വാഹനം വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നീട് സ്വന്തം വാഹനം ഉപയോഗിച്ച് ടെസ്റ്റ് നടത്താൻ കഴിയാതെ വന്നതോടെ അപേക്ഷകർ മടങ്ങുകയായിരുന്നു. ഡ്രൈവിങ് സ്കുൾ ഓണേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ഹാരിസ് ആസാദ്, ജില്ല പ്രസിഡന്റ് സുധീർ അജിസൺ, സെക്രട്ടറി അജയൻ മാവേലിക്കര, ജില്ല ട്രഷറർ അൻസാരി ചെമ്മാരപ്പള്ളി, നേതാക്കളായ സജീവ് റോയ്, രാജേഷ് കുട്ടനാട്, കോശി അച്ചായൻ, ഉമേഷ് ആലപ്പുഴ, റെജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിഷ്കാരങ്ങളിൽ ഇളവുവരുത്തി ഉത്തരവിറങ്ങതോടെ സി.ഐ.ടി.യു സമരത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
എന്നാൽ, ആലപ്പുഴയിലടക്കം സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തിൽ സി.ഐ.ടി.യു പ്രവർത്തകരും പങ്കെടുത്തു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ട്, കുട്ടനാട്, ചേർത്തല, കായംകുളം, ചാരുംമൂട്, ബുധനൂർ അടക്കമുള്ള ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടുകളിൽ രാവിലെ 7.30 മുതൽ 11.30 വരെയായിരുന്നു പ്രതിഷേധം. അതിരാവിലെ മുതൽ ഡ്രൈവിങ് ടെസ്റ്റിനായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. പ്രശ്നസാധ്യത കണക്കിലെടുത്ത് അപേക്ഷകർ എത്തിയിരുന്നില്ല. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം നീളുന്നതോടെ അപേക്ഷകരാണ് വെട്ടിലായത്. ടെസ്റ്റ് നടക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തയുണ്ട്. ടെസ്റ്റ് പാസായ ആയിരക്കിനാളുകളുടെ ലൈസൻസ് ഇനിയും നൽകി തുടങ്ങിയിട്ടില്ല. കെട്ടികിടക്കുന്ന അപേക്ഷകൾക്ക് പിന്നാലെയാണ് പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നത്. എതിർപ്പിനെത്തുടർന്ന് ടെസ്റ്റ് രീതിയിൽ മാറ്റംവരുത്തി പുതിയ ഉത്തരവിറങ്ങിയെങ്കിലും അപ്രായോഗിക നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ.
മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിന് അനുയോജ്യമായ ഗ്രൗണ്ട് ഇല്ലാത്തതാണ് പ്രധാനപ്രശ്നം. ജില്ലയിൽ മാവേലിക്കരയിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും, റിവേഴ്സ് പാര്‍ക്കിങ്, സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് എന്നിവയിലെല്ലാം കഴിവ് തെളിയിക്കണം. നിലവിലെ പരിശോധന രീതിയനുസരിച്ച് ഏത് മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. ഇതോടെ, പ്രശ്നത്തിൽ വെട്ടിലായത് പഠിതാക്കളാണ്.
പരിശീലനം പൂർത്തിയാക്കിയിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്താനാകാത്ത സ്ഥിതിയാണ്. വിദേശത്തടക്കം പഠനത്തിനും ജോലിക്കും പോകേണ്ടവർ ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.