കായംകുളം: പൊലീസ് സ്റ്റേഷന്റെ തെക്ക്-കിഴക്കേ അതിർത്തി ഗ്രാമങ്ങളിൽ ലഹരിയുടെ ഉന്മാദത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വാഴുന്നു. സ്റ്റേഷനിൽനിന്നുള്ള അകലവും പട്രോളിങ് സാധ്യത കുറവായതുമാണ് തമ്പടിക്കാൻ കാരണം. ഇവരെ അടിച്ചമർത്താൻ പലനിലക്കുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് ഉയർത്തെഴുന്നേറ്റ ചരിത്രമാണ് ഗ്യാങ്ങുകളുടേത്. രാഷ്ട്രീയ പിൻബലമാണ് എക്കാലവും ഇവർക്ക് കരുത്ത് നൽകുന്നത്.
ഓരോ സംഭവങ്ങളുടെയും തുടക്കത്തിലുണ്ടാകുന്ന ഇടപെടലുകൾ ക്രമേണ തണുക്കുന്നതോടെ സംഘങ്ങൾ വീണ്ടും കളംപിടിക്കും. ക്വട്ടേഷൻ മാഫിയയുടെ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. ഇതിൽ ഒടുവിലത്തെതാണ് ഡി.വൈ.എഫ്.ഐ നേതാവ് അമ്പാടിയുടെ കൊലപാതകം. ജില്ലയുടെ അതിർത്തി പ്രദേശമായതിന്റെ സൗകര്യങ്ങളാണ് കൃഷ്ണപുരവും കാപ്പിൽ പ്രദേശങ്ങളും ഗുണ്ടാ മാഫിയയുടെ വിളയാട്ട കേന്ദ്രമായതിന്റെ പ്രധാന കാരണം.
കൊല്ലം ജില്ലയിലെ ഓച്ചിറ, തഴവ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇങ്ങോട്ടും ഇവിടുത്തെ സംഘത്തിന് അങ്ങോട്ടും മാറാനുള്ള ഒളിസൗകര്യം ഏറെയാണ്. ഇപ്പോൾ കൊലപാതകം നടന്ന കാപ്പിൽകിഴക്ക് ചിറക്കക്കുറ്റി പ്രദേശത്ത് പുറത്തുനിന്നുള്ള സംഘങ്ങൾ തമ്പടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടുത്തെ കളിത്തട്ടാണ് പ്രധാന വിശ്രമകേന്ദ്രം. മൂന്ന് ദിവസം മുമ്പ് ലഹരിയിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രദേശവാസികളെ അക്രമിക്കാനുള്ള ശ്രമവും ഇവിടെ നടന്നിരുന്നു. എന്തെങ്കിലും സംഭവം ഉണ്ടായാൽ മാത്രമാണ് പൊലീസ് ഇതുവഴി വരുന്നത്. കാപ്പിൽ കുറക്കാവ് ഭാഗം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് അമ്പാടി കൊലക്കേസിൽ അകത്തായിരിക്കുന്നത്. കാപ്പ കേസുകളിലടക്കം ഉൾപ്പെട്ടയാളാണ് സംഘത്തലവൻ. യൂറോപ്പിൽ സ്ഥിരതാമസമാക്കിയ പ്രദേശവാസിയിൽനിന്നുള്ള സാമ്പത്തിക പിന്തുണയാണ് ഇവരുടെ ബലമെന്നാണ് നാട്ടുകാർ പറയുന്നത്. നാലു വർഷം മുമ്പ് നഗരത്തിലെ ബാറിന് മുന്നിലെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. നിസ്സാര തർക്കത്തിൽ പ്രവാസിയായ പ്രതിശ്രുത വരനെ കാർ കയറ്റി കൊലപ്പെടുത്തിയ ഭീകരത ഏറെ ചർച്ചയായിരുന്നു.
ഒരു വർഷം പിന്നിട്ടപ്പോൾ നഗരമധ്യത്തിൽ സി.പി.എം പ്രവർത്തകനായ സിയാദ് കൊല്ലപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ക്വട്ടേഷൻ സംഘങ്ങളെ ഒതുക്കാൻ ചില നീക്കങ്ങൾ നടന്നെങ്കിലും രാഷ്ട്രീയ സമ്മർദങ്ങളാൽ കെട്ടടങ്ങി. കഞ്ചാവ് കച്ചവടമാണ് ക്വട്ടേഷൻ സംഘങ്ങളുടെ പ്രധാന വരുമാനമാർഗം. മീറ്റർ പലിശ ഇടപാട് സംഘങ്ങളുമായും ഇത്തരക്കാർക്ക് ബന്ധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.