അരൂക്കുറ്റി: ഹരിത കർമസേനക്ക് വാങ്ങിയ ഇലക്ട്രിക് ഓട്ടോ പഞ്ചായത്തിന് തലവേദനയാകുന്നു. സർക്കാർ ഏജൻസിയായ ജെം പോർട്ടൽ വഴി ഓൺലൈൻ ക്വട്ടേഷൻ നടത്തി വാങ്ങിയ ഓട്ടോയാണ് പഞ്ചായത്തിന് ഭാരമായിരിക്കുന്നത്. കൂട്ടത്തിൽ കുറഞ്ഞ തുകയായ 4,97,000 രൂപ ക്വോട്ട് ചെയ്ത ഫ്ലോററ്റ് ടെക്നോളജിയിൽനിന്നാണ് വാഹനം വാങ്ങിയത്. നിരത്തിൽ ഓടിച്ച ആദ്യദിവസം തന്നെ തകരാറ് കാണിച്ചിരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ബാറ്ററി മാറ്റിയെങ്കിലും വീണ്ടും ഓടിച്ചപ്പോൾ വഴിയിൽ കിടക്കുകയാണുണ്ടായത്. ഹരിത കർമ സേനയുടെ ആവശ്യത്തിന് ഉപകരിക്കാത്തതും നിർമാണ തകരാറുള്ളതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് വാങ്ങിയവരോട് തിരിച്ചെടുത്ത് തുക തിരികെ വാങ്ങാനുള്ള പരിശ്രമത്തിലാണ്. ഇത് വാങ്ങിയ ജില്ലയിലെ ചില പഞ്ചായത്തുകളിലും സമാന അവസ്ഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരൂക്കുറ്റി പഞ്ചായത്ത് ഈ വാഹനം തിരിച്ചെടുത്ത് തുക തിരികെ നൽകാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജോയന്റ് ഡയറക്ടർക്കും ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർക്കും ഫ്ലോററ്റ് ടെക്നോളജി മാനേജർക്കും അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.