ആലപ്പുഴ: കോവിഡ് രണ്ടാം തരംഗം ജനജീവിതം നിശ്ചലമാക്കിയ സാഹചര്യത്തിൽ സാധാരണ ജനങ്ങളുടെ സഹായത്തിനായി പ്രവാസി വ്യവസായി ആർ. ഹരികുമാർ മുൻകൈയെടുത്ത് ജന്മനാട്ടിൽ തയാറാക്കിയ സൗജന്യ കോവിഡ് ചികിത്സകേന്ദ്രം ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.
ആലപ്പുഴ മെഡിക്കൽ കോളജ് ജങ്ഷനിലെ ഭാര്യയുടെ പേരിലുള്ള 'കല ടൂറിസ്റ്റ് ഹോമാ'ണ് കോവിഡ് ചികിത്സക്കായി അദ്ദേഹം വിട്ടുനൽകിയത്. തെൻറ തീരുമാനം അദ്ദേഹം ആദ്യം 'മാധ്യമ'ത്തോടാണ് പങ്കുവെച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോവിഡ് ഡൊമിസിലറി കെയർ സെൻററിെൻറ ഉദ്ഘാടനം വൈകീട്ട് മൂന്നിന് എച്ച്. സലാം എം.എൽ.എ നിർവഹിക്കും.
ഓക്സിജൻ സംവിധാനമുള്ള 10 കിടക്കകൾ ഉൾെപ്പടെ 50 കിടക്കകൾ സജ്ജമാക്കിയിട്ടുള്ള സെൻററിൽ മുഴുസമയ നഴ്സിെൻറയും വളൻറിയർമാരുടെയും സൗകര്യം ലഭ്യമാകും. കോവിഡ് പോസിറ്റിവായവരും എന്നാൽ, രോഗലക്ഷണമില്ലാത്തവരുമായ, വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്ത രോഗികൾക്ക് സൗജന്യതാമസവും ഭക്ഷണവും മതിയായ പരിചരണവും സെൻററിൽ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരിസ് പറഞ്ഞു.
മുൻമന്ത്രി ജി. സുധാകരനും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. എല്ലാ ആശുപത്രികളിലും ഐ.സി.യുകളും വരാന്തകൾവരെ കോവിഡ് പോസിറ്റിവായവരെക്കൊണ്ട് നിറഞ്ഞ വാർത്തയാണ് ഇത്തരത്തിലൊരു സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് ഹരികുമാറിെൻറ ഭാര്യ കല ഹരികുമാർ വ്യക്തമാക്കി. ഭർത്താവിെൻറ ജന്മദിനമായതിനാലാണ് 29ന് ഉദ്ഘാടനം നിശ്ചയിച്ചത്. ഗൾഫിൽനിന്ന് തങ്ങൾക്ക് എത്തിപ്പെടാനാകാത്തതിനാൽ മരുമകൻ ഡോ. രാഹുൽ രാജിെൻറ നേതൃത്വത്തിൽ ഡൊമിസിലറി സംവിധാനം ജനങ്ങൾക്കുവേണ്ടി പഞ്ചായത്തിന് സമർപ്പിക്കും.
തങ്ങളുടെ ആഗ്രഹം അമ്പലപ്പുഴ തഹസിൽദാർ പ്രേംജിയെ അറിയിക്കുകയും അദ്ദേഹം അത് ജില്ല കലക്ടർ അലക്സാണ്ടറിന് കൈമാറുകയുമായിരുന്നു. കൂടുതൽ ആവശ്യമനുസരിച്ച് കിടക്കകളുടെ എണ്ണം വർധിപ്പിക്കും. ഒരാഴ്ചകൊണ്ട് സെൻറർ പൂർത്തിയാക്കാൻ മുൻമന്ത്രി ജി. സുധാകരൻ, അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് സെക്രട്ടറി രാജ്കുമാർ, അഡ്വ. രാജൻ പിള്ള, ആർക്കിടെക്റ്റ് റഷീദ്, നടരാജൻ ഷാജി, സി. രാധാകൃഷ്ണൻ, രാജഗോപാൽ ഉണ്ണിത്താൻ തുടങ്ങിയവരുടെ സഹായങ്ങളുണ്ടായതായി അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.