ആലപ്പുഴ: വേനൽമഴ മാറിനിന്നതോടെ ആലപ്പുഴയിൽ ചുട്ടുപൊള്ളുന്ന ചൂട്. ഞായറാഴ്ച ജില്ലയിൽ 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂർ, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, വെളിയനാട് തുടങ്ങിയ സ്ഥലങ്ങളിൽ സമാന ചൂടാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയർന്നുതന്നെയായിരുന്നു. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. വീട്ടിലും പുറത്തും കടക്കാനാവാത്തവിധം അന്തരീക്ഷ താപനില ഉയർന്നതോടെ പുറം ജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്.
കനത്ത ചൂടിനൊപ്പം വേനൽമഴ കിട്ടാത്തതും പ്രശ്നമാണ്. ജനുവരി മുതൽ കിട്ടേണ്ട സാധാരണ മഴപോലും ലഭിച്ചിട്ടില്ല. ഫെബ്രുവരി 19വരെയുള്ള കണക്കനുസരിച്ച് 22 ശതമാനം മഴയുടെ കുറവുണ്ട്. 1987ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 38.2 എന്നത് റെക്കോഡായിരുന്നു.
ചൂട് വർധിക്കുന്നതോടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 37 ഡിഗ്രിയാണ് മനുഷ്യശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയർന്നാൽ തന്നെ ശരീരത്തിന് താങ്ങാൻ സാധിക്കില്ല. നിർജലീകരണം, വിശപ്പ് കുറയൽ, ശാരീരിക പ്രവർത്തനങ്ങളുടെ മന്ദത എന്നിവക്ക് വേനൽ കാരണമാകും. ഇതിനൊപ്പം ചർമരോഗങ്ങളും വർധിക്കും. മനുഷ്യരെ മാത്രമല്ല, കൃഷിയെയും മൃഗങ്ങളെയും ചൂട് തളർത്തും. കനത്ത ചൂടിൽ ജലദൗർലഭ്യമാണ് കൃഷിയെ ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.