ആലപ്പുഴ: 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 17,21,247 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 8,22,765 പുരുഷന്മാരും 8,98,472 സ്ത്രീ വോട്ടർമാരും 10 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ടെന്ന് കലക്ടർ ജോൺ വി. സാമുവൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുരുഷന്മാരെക്കാൾ 75,707 വനിതകൾ കൂടുതലാണ്. മൊത്തം വോട്ടർമാരിൽ 19,222 പേർ അംഗപരിമിതരും 49,805 പേർ മുതിർന്ന പൗരന്മാരും 15 പേർ പ്രവാസി വോട്ടർമാരുമാണ്. 14,787 പേർ പുതിയ വോട്ടർമാരാണ്. 2,42,243 പേർ യുവാക്കളാണ്. (20നും 29നും ഇടയിൽ പ്രായമുള്ളവർ).
പട്ടിക ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. 18നും 19നും ഇടയിൽ പ്രായമുള്ള 14,787 പേരെ ചേർക്കാൻ കഴിഞ്ഞത് തിളക്കാമാർന്ന നേട്ടമാണെന്ന് കലക്ടർ പറഞ്ഞു. ജില്ലയിൽ രണ്ട് പാർലമെന്റ് മണ്ഡലങ്ങളാണുള്ളത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുമുണ്ട്. വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണം കൂട്ടുന്നതിനുള്ള പരിപാടികൾ ആരംഭിച്ചു. അതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ചിട്ടുള്ള ‘സ്വീപ്’ പരിപാടി തുടങ്ങി. രണ്ട് വോട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
അവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വോട്ടർമാരെ ബോധവത്കരിക്കും. ഏത് വിഭാഗം വോട്ടർമാരാണ് വോട്ട് ചെയ്യാൻ വിമുഖത കാട്ടുന്നത് എന്ന് പഠിച്ചിട്ടില്ല. അതിനാൽ ‘സ്വീപ്’ പരിപാടിയിലൂടെ പരമാവധി വോട്ടർമാരെ ബോധവത്കരിക്കാനാണ് പരിശ്രമം നടക്കുന്നത്.
പ്രവാസി വോട്ടർമാർ പട്ടികയിൽ പേര് ചേർക്കാൻ വിസമ്മതിക്കുന്നതായാണ് കണ്ട് വരുന്നത്. ആറുമാസം സ്ഥലത്തില്ലാതിരുന്നാൽ ബി.എൽ.ഒമാർ അവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നുണ്ട്. ആറുമാസത്തിൽ കൂടുതൽ സമയം താമസിക്കുകയാണെങ്കിൽ അവർക്ക് പേരു ചേർക്കാൻ കഴിയും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ 10 ദിവസം വരെ പേരുചേർക്കാം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനാൽ ഇനി ആക്ഷേപങ്ങൾ സമർപ്പിക്കാൻ അവസരമില്ലെന്നും കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. കവിതയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.