ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കാളാത്ത്, ജില്ല കോടതി വാര്‍ഡുകളില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളില്‍ നിന്നാണ് പൊതുവേ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. വിറയലോട് കൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ചെള്ള് പനി പ്രതിരോധിക്കുന്നതിനായി എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. എലി മാളങ്ങള്‍ നശിപ്പിക്കണം. പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം. ആഹാര അവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം.
വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. കുട്ടികൾ മണ്ണില്‍ കളിച്ചാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.