കായംകുളം: പായലും മാലിന്യവും നിറഞ്ഞ കരിപ്പുഴ തോട്ടിൽ ഒഴുക്ക് നിലച്ചതോടെ സമീപവാസികൾ പ്രതിസന്ധിയിൽ. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നതോടെ കൈവഴി തോടായ കരിപ്പുഴ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. നഗരസഭയുടെയും പഞ്ചായത്തിന്റെയും അതിർത്തിയായ എരുവ ഭാഗത്തെ പഴയ പാലം പൂർണമായി നീക്കംചെയ്യാത്തതും പായൽ അടിയാൻ കാരണമാണ്. പോളക്ക് ഒപ്പം പുല്ലുകൾകൂടി തഴച്ചുവളർന്നതോടെ ഇരുകരയിലും താമസിക്കുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായും ഇവിടം മാറിയിട്ടുണ്ട്.
ഒഴുകിയെത്തുന്ന മാലിന്യവും പോളയും പഴയ പാലത്തിന്റെ താഴെ കെട്ടിനിൽക്കുകയാണ്. അച്ചൻകോവിലാറിൽനിന്ന് എത്തുന്ന വെള്ളം അതിവേഗം കായംകുളം കായലിൽ പതിക്കാനുള്ള കൈവഴി അടഞ്ഞുകിടക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. കിഴക്കൻവെള്ളം തോട്ടപ്പള്ളി പൊഴിയിൽ എത്തുന്നതിനേക്കാൾ വേഗം ഇതുവഴി കായംകുളം കായലിൽ എത്തുമെന്നതാണ് പ്രത്യകത. ഇത് മനസ്സിലാക്കി മഴക്കാല പൂർവ ശുചീകരണത്തിൽ കരിപ്പുഴ തോട്ടിലെ പോള നീക്കുന്നതിൽ ഗുരുതര അലംഭാവമാണ് കാട്ടിയത്.
പള്ളിപ്പാട്, ചെട്ടികുളങ്ങര, ചേപ്പാട്, പത്തിയൂർ പഞ്ചായത്തുകളിലൂടെയാണ് തോട് കടന്നുവരുന്നത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ പരിധിയിലുള്ള ജലാശയത്തിന്റെ സംരക്ഷണത്തിൽ അവരും വീഴ്ച വരുത്തുന്നു. പായൽ മാറ്റി നീരൊഴുക്ക് സുഗമാക്കിയില്ലെങ്കിൽ തോടിന്റെ തീരത്തുള്ള നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.