മണ്ണഞ്ചേരി: നൂറുകണക്കിനാളുകളുടെ ആശ്രയമായിരുന്ന മണ്ണഞ്ചേരി അങ്ങാടിത്തോട് മാലിന്യവാഹിനിയായി. മാലിന്യം കുമിഞ്ഞും പായൽ അഴുകിയും ദുർഗന്ധം വമിക്കുന്ന കറുത്ത വെള്ളമാണ് ഇപ്പോൾ തോട്ടിൽ. പ്രദേശത്തെ ചെറുതോടുകളും ഇതേ അവസ്ഥയിലാണ്. പ്ലാസ്റ്റിക് മാലിന്യം അടക്കം കുന്നുകൂടി തോടുകളുടെ ഒഴുക്കും നിലച്ചു.
ഒരു കാലത്ത് മണ്ണഞ്ചേരിയുടെ പ്രതാപമായിരുന്നു അങ്ങാടിത്തോട്. വള്ളക്കടവിലേക്ക് കൊപ്രയും പലചരക്കുസാധനങ്ങളും വള്ളങ്ങളിലും മറ്റും എത്തിയിരുന്നത് ഈ തോട്ടിലൂടെയായിരുന്നു. വള്ളക്കടവ് പേരിൽ മാത്രമായത്തോടെ ഇതുവഴിയുള്ള ചരക്കുഗതാഗതവും നിലച്ചു. ഇതോടെയാണ് തോടിന്റെ അവസ്ഥ പരിതാപകരമായത്. ഇപ്പോൾ പുല്ലുമായി എത്തുന്ന വള്ളങ്ങൾ മാത്രമാണ് തോട്ടിലൂടെ എത്തുന്നത്.
പല തോടുകളും കൈയേറ്റം മൂലം വീതിയും കുറഞ്ഞിട്ടുണ്ട്. കരിങ്കല്ലുകെട്ടി സംരക്ഷിക്കാത്തതിനാൽ കരയുടെ പലഭാഗവും ഇടിഞ്ഞ നിലയിലാണ്. അധികൃതർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ അങ്ങാടിത്തോടും വള്ളക്കടവുപോലെ ചരിത്രമാകും.
തോട് വൃത്തിയാക്കി, ആഴംകൂട്ടി പുനരുദ്ധരിച്ചാൽ മാത്രമേ അങ്ങാടിത്തോടിനെ രക്ഷിക്കാനാകൂ. അതുവഴി തോടിനെ ടൂറിസം മേഖലക്കും പ്രയോജനപ്പെടുത്താം. ഇതിനായി അധികാരികൾ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.