ആലപ്പുഴ: നാടാകെ മാലിന്യം കൊണ്ട് പൊറുതിമുട്ടുമ്പോൾ നാടിന് മാതൃക കാട്ടുകയാണ് ആലപ്പുഴ നഗരം. നഗരത്തിലൂടെ സഞ്ചരിച്ചാൽ എവിടെയും മൂക്കുപൊത്തേണ്ട അവസ്ഥയില്ല. കനാലുകളിൽ മാലിന്യം കുമിഞ്ഞ് കൂടിയിട്ടില്ല. മാലിന്യ സംസ്കരണ മേഖലയിൽ വ്യക്തമായ മുന്നേറ്റമാണ് ആലപ്പുഴ നഗരസഭ കൈവരിച്ചിരിക്കുന്നത്. ശുചിത്വത്തിന്റെ പേരിലുള്ള ദേശീയ പുരസ്കാരം നേടിയ നഗരസഭയാണ് ആലപ്പുഴ. ദേശീയ റാങ്കിങിൽ സംസ്ഥാനത്തെ നഗരസഭകളിൽ ആലപ്പുഴയായിരുന്നു മുന്നിൽ. നഗരസഭ പ്രദേശത്ത് ഖരമാലിന്യ സംസ്കരണത്തിൽ 70 ശതമാനമെങ്കിലും നേട്ടമുണ്ടായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വീടുകളിൽ പ്ലാസ്റ്റിക് ശേഖരണം 80 ശതമാനത്തോളം സാധ്യമാകുന്നുണ്ട്.
മിക്കയിടത്തും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന തുമ്പൂർ മൂഴി പ്ലാന്റുകളാണ് കാണാനാകുക. പക്ഷേ, ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കാത്തവ മൂന്നെണ്ണം മാത്രമാണ്. ജൈവ മാലിന്യ സംസ്കരണത്തിൽ ഇവിടത്തെ തുമ്പൂർ മൂഴി എയ്റോബിക് കമ്പോസ്റ്റ് സംസ്കരണ യൂനിറ്റുകൾ മാതൃക കാട്ടുകയാണ്. പൊതു ഇടങ്ങളിൽ 18 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുണ്ട്. കാഞ്ഞിരംചിറ വാർഡിൽ റെയിൽവേ മേൽപാലത്തിനടുത്ത് വലതുവശത്ത് ഒരെണ്ണം, പ്രൈവറ്റ് ബസ്റ്റാൻഡിനടുത്തുള്ളത്, പുന്നമടയിലേത് എന്നിവയാണ് പ്രവർത്തിക്കാത്തത്. ഇവ മൂന്നും പ്രവർത്തന സജ്ജമാക്കാനുള്ള അറ്റകുറ്റപ്പണികൾ നടന്നുവരുന്നു. ഫ്ലൈ ഓവറിനടുത്ത് ഒരെണ്ണം കൂടി സ്ഥാപിക്കാനുള്ള നീക്കത്തിലുമാണ് നഗരസഭ.
നഗരസഭയിൽ 38,000 വീടുകളാണുള്ളത്. 24,000ത്തോളം വീടുകളിൽ ബയോ ബിന്നുകൾ നൽകിയിട്ടുണ്ട്. ബിന്നുകൾ വാങ്ങിയ മിക്കവരും അവ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. നഗരസഭക്ക് ഇത്രത്തോളമേ ചെയ്യാൻ കഴിയുകയുള്ളൂ. ഓരോ വീട്ടിലും ചെന്ന് ആൾക്കാരെ കൈപിടിച്ച് മാലിന്യങ്ങൾ ബിന്നിൽ നിക്ഷേപിപ്പിക്കുക പ്രായോഗികമല്ലെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ മാധ്യമത്തോട് പറഞ്ഞു. മാലിന്യ സംസ്കരണം സംസ്കാരമാകുകയാണ് അതിന് വേണ്ടത്. ബോധവത്കരണം ആവശ്യമാണ്. ഇത്രയേറെ ബിന്നുകൾ ഒരു നഗരത്തിൽ നൽകിയത് ആലപ്പുഴയിലാണെന്നും അദ്ദേഹം പറഞ്ഞു.
വലിച്ചെറിയൽ മുക്തം എന്നതിൽ പൂർണ വിജയം കൈവരിക്കാൻ നഗരസഭക്കായിട്ടില്ല. അക്കാര്യത്തിലും ജനങ്ങളുടെ സഹകരണമാണ് പ്രധാനം. പൊതു ഇടങ്ങളിൽ മാലിന്യം എറിയില്ല എന്നത് ഓരോരുത്തരുടെയും സംസ്കാരമാകുന്നില്ലെന്ന കുറ്റപ്പെടുത്തലാണ് നഗരസഭക്ക്. മുൻകാലങ്ങളെ അപേക്ഷിച്ച് വലിച്ചെറിയൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
തെരുവോരങ്ങളിലും പറമ്പുകളിലും വീണുകിടക്കുന്ന പ്ലാസ്റ്റിക് ശേഖരിക്കാൻ നഗരസഭ തയാറായിട്ടില്ല. തെരുവുകളിലും എല്ലാ റോഡുകളിലും പ്ലാസ്റ്റിക് കുപ്പികളും നിത്യോപയോഗ സാധനങ്ങൾ പാക്ക് ചെയ്തുവരുന്ന കവറുകളും കിടക്കുകയാണ്. വിദ്യാർഥികളും തെരുവുകളെ പ്ലസ്റ്റിക് മയമാക്കുന്നതിൽ പങ്കുവഹിക്കുന്നു. സോഫ്ട് ഡ്രിങ്ക്കളും സ്നാക്സുകളും ഐസ്ക്രീമുകളും മിഠായികളും കഴിച്ചിട്ട് അവയുടെ ബോട്ടിലുകളും കവറുകളും യാതൊരു ശങ്കയുമില്ലാതെ വിദ്യാർഥികൾ തെരുവുകളിലേക്ക് വലിച്ചെറിയുകയാണ്.
സ്കൂൾ തല ശുചിത്വ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. അധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ ശുചീകരണം നടത്തുകയും ചെയ്തിരുന്നു. വലിച്ചെറിയൽ ശീലത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനുള്ള ബോധവത്കരണം നടന്നിട്ടില്ല എന്നതിന് തെളിവാകുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ.
നഗരത്തിൽ 80 ശതമാനം ആൾക്കാരെ ഇപ്പോഴും പ്ലാസ്റ്റിക് ശേഖരണ പദ്ധതിയുമായി സഹകരിക്കുന്നള്ളു. പ്രതിമാസം 60 രൂപ ഫീസ് നൽകുന്നതിലുള്ള ബുദ്ധിമുട്ടാണ് 20 ശതമാനം ആൾക്കാർ പിന്തിരിഞ്ഞ് നിൽക്കാൻ ഇടയാക്കുന്നത്. അവരുടെ ഇല്ലായ്മ മനസിലാക്കി പകരം സംവിധാനം ആവിഷ്കരിക്കാൻ നഗരഭസ തയാറാകുന്നുമില്ല. നഗരത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് ഓരോരുത്തർക്കും പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ 110 ടൺ പ്ലസ്റ്റികാണ് നഗരസഭയിൽ നിന്ന് കയറ്റി അയച്ചത്. അറവുമാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്ന സ്ഥിതി നഗരത്തിലില്ല. അറവുശാല സ്ഥാപിക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന കേന്ദ്രങ്ങൾ നഗരത്തിൽ പലയിടത്തുമുണ്ട്.
അവയെല്ലാം ലൈസൻസോടുകൂടി പ്രവർത്തിക്കുന്നവയാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. സർക്കാർ അംഗീകൃത ഏജൻസിക്ക് അറവു മാലിന്യം കൃത്യമായി കൈമാറുമെന്ന വ്യവസ്ഥയോടെയാണ് ലൈസൻസ് നൽകുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. കോഴി കടകൾ, ഹോട്ടലുകൾ എന്നിവക്കെല്ലാം ലൈസൻസ് നൽകുന്നതിൽ ഈ വ്യവസ്ഥ വച്ചിട്ടുണ്ടത്രെ.
മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണം മാതൃകപരമായ രീതിയിൽ നടക്കുന്നുണ്ട്. എന്നാലും യൂസർഫീയുടെ പേരിൽ ചില കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായങ്ങളും ചില വീട്ടുകാർ മാലിന്യം കൈമാറാത്തതും പൂർണ മാലിന്യമുക്ത പദ്ധതിക്ക് തടസമാണ്. കുപ്പിച്ചില്ല്, പഴയ വസ്ത്രം തുടങ്ങി മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഒരിടത്തും പൂർണമല്ല.
2018, 2019 വർഷങ്ങളിൽ ജില്ലയിലെ മികച്ച ഹരിത കർമസേനക്കുള്ള പുരസ്കാരം നേടിയ പഞ്ചായത്താണ് ആര്യാട്. കഞ്ഞിക്കുഴി പഞ്ചായത്തിൽ ഓരോ മാസവും ഏഴു മുതൽ എട്ടു ടൺ വരെ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിക്കുന്നത്. 90 ശതമാനത്തിന് മുകളിൽ അജൈവ മാലിന്യ ശേഖരണവും സാധ്യമാകുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ‘അഴുക്ക് മാറ്റാം അഴകാക്കാം’ എന്ന മുദ്രാവാക്യമുയർത്തി കഞ്ഞിക്കുഴിയിൽ മെഗാ ക്ലീനിങും സംഘടിപ്പിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിലായി ആയിരക്കണക്കിന് പേർ അണിനിരന്നതായിരുന്നു പൊതുഇട ശുചീകരണ പരിപാടി. ജില്ലയിലെ മികച്ച ഹരിത കർമസേനക്കുള്ള പുരസ്കാരം നേടിയ ആര്യാട് പഞ്ചായത്തിൽ 7,855 വീടുകളിലും 317 സ്ഥാപനങ്ങളിലും ഹരിതകർമസേന സേവനങ്ങൾ നൽകുന്നു. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പ്ലാശുകുളത്ത് പ്രധാന എം.സി.എഫ് ഉം, ആർ.ആർ.എഫും പ്രവർത്തിക്കുന്നു.
18 വാർഡുകളിലും മിനി എം.സി.എഫ് എന്ന രീതിയിൽ ആകെ 36 മിനി എം.സി.എഫുകൾ ഹരിതകർമസേനയുടെ പ്രവർത്തനത്തിനായുണ്ട്. എല്ലാ വീടുകൾക്കും, സ്ഥാപനങ്ങൾക്കും ബിന്നുകൾ നൽകിയിട്ടുണ്ട്. ക്യു.ആർ കോഡ് സംവിധാനം എല്ലാ വാർഡുകളിലും നടപ്പാക്കിയിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്തിൽ 90 ശതമാനത്തിന് മുകളിൽ പ്ലാസ്റ്റിക് ശേഖരണം ഉണ്ട്. മുഹമ്മയെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
സമ്പൂർണ മാലിന്യ സംസ്കരണ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 100 ശതമാനം വീടുകളിൽ നിന്നും യൂസർഫീ പിരിക്കുവാനാണ് തീരുമാനം. യൂസർഫീ നൽകാൻ വിസമ്മതിക്കുന്നവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുന്നു.
യഥാസമയം മറുപടി തരാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനങ്ങൾക്കും സ്ക്കൂളുകൾക്കും രണ്ടു ബിന്നുകൾ വീതം നൽകിയിട്ടുണ്ട്. പ്രധാന റോഡായ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ 500 മീറ്റർ ഇടവിട്ട് ബിന്നുകൾ സ്ഥാപിക്കുന്നുണ്ട്. തോടുകളിലേക്കും ജലാശയങ്ങളിലേക്കും സ്ഥാപിച്ചിരുന്ന മലിനക്കുഴലുകൾ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.