ആലപ്പുഴ: പെൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ കുഞ്ഞുമനസ്സിനെ എത്രത്തോളം വേദനിപ്പിച്ചെന്നതിന്റെ നേർചിത്രമാണ് നാലാം ക്ലാസുകാരി ഗായതി പ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറക്കിയ 'പ്രണയാന്ധം' ചെറുസിനിമ. പൂമ്പാറ്റകളെപോലെ പാറിപ്പറന്നും കഥകൾ കേട്ടും സഞ്ചരിക്കേണ്ട ബാല്യത്തിൽ മനസ്സിൽ കുറിച്ചിട്ട പ്രണയചിന്തകൾക്ക് പുതുഭാവവും പാഠങ്ങളും പകർന്നാണ് സിനിമയിലെ പ്രണയകഥ സഞ്ചരിക്കുന്നത്.
വർത്തമാനകാലത്ത് കുടുംബ ബന്ധങ്ങളിലെ വിള്ളൽ സൃഷ്ടിക്കുന്ന ആകുലതകളും അതുവഴി വഴിതെറ്റിപ്പോകുന്ന മക്കളുടെ ഭാവിയുമെല്ലാം കുഞ്ഞുപ്രായത്തിൽ കൃത്യമായി ഒപ്പിയെടുക്കുന്നതാണ് ചിത്രത്തെ വേറിട്ടുനിർത്തുന്നത്. കോട്ടയം പാലായിലെ കോളജ് കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ പിരിമുറുക്കത്തിൽനിന്നാണ് 18 മിനിറ്റ് നീളുന്ന 'പ്രണയാന്ധം' ഹ്രസ്വചിത്രത്തിന്റെ പിറവി.
ആലപ്പുഴ കളർകോട് പവിത്രം വീട്ടിലിരുന്ന് മനസ്സിൽ രൂപപ്പെട്ട ആശയം ആദ്യമായി പങ്കുവെച്ചത് പിതാവ് ഗിരിപ്രസാദിനോടും മാതാവ് കസ്തൂരിയോടുമായിരുന്നു. അവർ അതിന് ചിറകുവിടർത്തിയപ്പോൾ കേരളത്തിന് സ്വന്തമായത് ഏറ്റവും പ്രായംകുറഞ്ഞ സംവിധായകയെയാണ്. വീടും പരിസരവും സമീപത്തെ പറവൂർ സ്കൂളിലുമായി സിനിമ ചിത്രീകരിക്കാൻ വേണ്ടിവന്നത് രണ്ടുദിവസമാണ്.
തിരക്കഥയും ആശയവും ഉള്ളടക്കവുമെല്ലാം ഒറ്റക്കാണ് സൃഷ്ടിച്ചെടുത്തത്. കഥാപാത്രങ്ങൾക്കുമുമ്പേ സഞ്ചരിച്ച ഒമ്പതുവയസ്സുകാരിക്ക് പ്രണയത്തിന്റെ നിഗൂഢതകൾ മനസ്സിലാക്കാനാവുമോ എന്നതായിരുന്നു പ്രധാനചോദ്യം. സിനിമയിലൂടെ ഗായതി പ്രസാദ് അതിന് ഉത്തരം നൽകിയെന്നാണ് നിറഞ്ഞസദസ്സിൽ ആദ്യപ്രദർശനം കണ്ടിറങ്ങിയവരുടെ പ്രതികരണം.
ഗായതിയുടെ മാതാവ് കസ്തൂരി, സഹോദരി ഗൗരി, അവളുടെ കൂട്ടുകാരികളായ അബി ബാഷ, ആലിയ, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക മിനിമോൾ, അയ്യപ്പൻ, സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അഭിനയകല വശമില്ലാത്ത മാതാവ് കസ്തൂരി സിനിമയിൽ നായകന്റെ അമ്മയായാണ് വേഷമിടുന്നത്. സഹോദരി ഗൗരിയാട്ടെ നായികയുടെ കൂട്ടുകാരിയായും. ആദ്യപ്രദർശനത്തിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു.
തിരക്കഥാകൃത്ത് അനന്തപത്മനാഭൻ യൂട്യൂബ് റിലീസ് നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, പി. അഞ്ജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, പഞ്ചായത്ത് അംഗങ്ങളായ ആർ. വിനോദ്കുമാർ, ജയലേഖ ജയകുമാർ, അജിത ശശി, കെ.ബി. അജയകുമാർ, വി.കെ. വിശ്വനാഥൻ, ഒ. ഷാജഹാൻ, കെ.വി. രാകേഷ്, കുട്ടിസംവിധായിക ഗായതി പ്രസാദ്, പിതാവ് ഗിരിപ്രസാദ്, മാതാവ് കസ്തൂരി, സഹോദരി ഗൗരി എന്നിവർ പങ്കെടുത്തു. 'പ്രണയത്തിന്റെ സാമൂഹികപാഠങ്ങൾ' വിഷയത്തിൽ സംവാദവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.