ആലപ്പുഴ: അതിജീവനത്തിെൻറ കരുത്ത് തെളിയിച്ച രക്തശാലിക്ക് നൂറുമേനി വിളവ്. കൊയ്ത്തുപാട്ടിെൻറ അകമ്പടിയോടെ ഉത്സവ പ്രതീതിയിൽ കൊമ്പൻകുഴി പാടശേഖരത്തിൽ രക്തശാലി കതിരുകൾ കൊയ്തു.
ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജ് ജീവനക്കാരൻ പോഞ്ഞിക്കര തിരുമല വാർഡ് ചിത്രാലയത്തിൽ സി.സി. നയനേൻറതാണ് പാടം. കനത്ത വെള്ളപ്പൊക്കത്തിൽ 110 ഏക്കറിൽ നൂറ്റിഒമ്പതര ഏക്കറും നശിച്ചപ്പോൾ അവശേഷിച്ചത് നാടൻ നെൽവിത്തിനമായ രക്തശാലി മാത്രമാണ്.
പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാൽ കൊയ്ത്തിന് തുടക്കംകുറിച്ചു. കഞ്ഞി വെള്ളത്തിനുപോലും ചുവപ്പുനിറം നൽകുന്ന രക്തശാലി കാൻസർ ഉൾപ്പെടെ രോഗങ്ങൾക്ക് പ്രതിരോധമായി ഉപയോഗിക്കുന്നുണ്ടെന്ന് ദയാൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, കീടപ്രതിരോധം, ഗുണം എന്നിവയുടെ കാര്യത്തിൽ നാടൻ ഇനങ്ങളുടെ സവിശേഷതകൾ ഒരുപാട് അറിവുകൾ സമ്മാനിക്കുന്നുണ്ടെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം അസോസിയറ്റ് പ്രഫസർമാരായ ഡോ. എം.എം. സുരേന്ദ്രനും ഡോ. എ.കെ. അമ്പിളിയും പറഞ്ഞു. പുന്നപ്ര ജ്യോതികുമാറിെൻറ നാടൻപാട്ടിെൻറ ഈണത്തിലായിരുന്നു കൊയ്ത്ത്. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ കെ.എസ്. രാജേഷ്, നന്മക്കൂട് സെക്രട്ടറി എസ്. ബാലകൃഷ്ണൻ എന്നിവരും എത്തിയിരുന്നു.
കൊമ്പൻകുഴി പാടശേഖരത്തിലെ അഞ്ചരയേക്കർ പാട്ടത്തിനെടുത്ത് അതിൽ അഞ്ച് ഏക്കറിൽ ഉമ എന്ന സങ്കരയിനം വിത്തും അരയേക്കറിൽ രക്തശാലിയും വിതക്കുകയായിരുന്നു നയനൻ. നാടൻ വിത്തുകളുടെ സംരക്ഷകനായ എം.കെ. സെബാസ്റ്റ്യനിൽനിന്നാണ് വിത്ത് ശേഖരിച്ചത്.
വെള്ളായണിക്കര കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജനിതകവിഭാഗം പ്രഫ. ഡോ. റോസ് മേരി, മങ്കൊമ്പ് ഗവേഷണകേന്ദ്രം മേധാവി ഡോ. വന്ദന വേണുഗോപാൽ, കുമരകം നെല്ല് ഗവേഷണ കേന്ദ്രം അസോസിയറ്റ് ഡയറക്ടർ ഡോ. റീന മാത്യു തുടങ്ങിയവർ പാടശേഖരം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.