ആലപ്പുഴ: കടപ്പുറം വനിതാ-ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായ യുവതി ഗുരുതരാവസ്ഥയിൽ. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ ആശാ ശരത്തി (36) നാണ് ഹൃദയാഘാതമുണ്ടായത്. ഇവർ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.
ശസ്ത്രക്രിയ നടത്തിയപ്പോൾ കടപ്പുറം വനിതാ-ശിശു ആശുപത്രിക്കുണ്ടായ പിഴവാണ് ആരോഗ്യനില ഗരുതരമാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ലാപ്രോസ്കോപിക് സർജറിയാണ് നടത്തിയത്. സാധാരണ ഈ ശസ്ത്രക്രിയക്ക് സങ്കീർണതകളുണ്ടാകാറില്ല.
സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെയാണ് കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ തുടങ്ങി. പെട്ടെന്നാണ് രോഗി അസ്വസ്ഥത കാണിച്ചത്. ആശുപത്രിയിലെതന്നെ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കൾ പ്രതിഷേധിച്ചതോടെയാണ് അരമണിക്കൂറിനുശേഷം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുമുൻപുള്ള പരിശോധനയിൽ സങ്കീർണതയുണ്ടായിരുന്നില്ലെന്നും പിന്നീടാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.