ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും മരംവീണ് ജില്ലയിൽ ഏഴു വീട് തകർന്നു. മഴക്കെടുതി നേരിടാൻ ജില്ല ആസ്ഥാനത്തും വിവിധ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. അമ്പലപ്പുഴ വില്ലേജിൽ നാലും കോമളപുരം, തകഴി, ചെറുതന വില്ലേജുകൾ മൂന്നു വീടുമാണ് ഭാഗികമായി തകർന്നത്. അമ്പലപ്പുഴ കരുമാടി കുളപ്പള്ളിചിറ തങ്കപ്പൻ, പുന്നപ്ര പള്ളിക്കത്തൈയിൽ ജാരിയാസ് പി. സാലസ്, അമ്പലപ്പുഴ വളഞ്ഞവഴി തറയിൽ രുദ്രൻ, ആലപ്പുഴ ബീച്ച് തൈപറമ്പിൽ നിഥിൻ വേണു, കോമളപുരം ശിവസദനം ശിവാനന്ദൻ, കുട്ടനാട് താലൂക്ക് തകഴി തൊണ്ണൂച്ചിറ കുന്നമ്മ വീട്ടിൽ ഉഷ, ചെറുതന തൊണ്ടിൽ പോയിച്ചയിൽ ജയ്നമ്മ എന്നിവരുടെ വീടാണ് മരംവീണ് തകർന്നത്.
നാശനഷ്ടം കണക്കായിട്ടില്ല. ചില പ്രദേശത്ത് മരം കടപുഴകി വൈദ്യുതിയും തടസ്സപ്പെട്ടു. ആര്യാട് മന്തൻകവലയിൽ റോഡരികിൽ നിന്ന വലിയമരം വൈദ്യുതി ലൈനിലേക്കും സമീപത്തെ വീടിന് മുകളിലേക്കും വീണു. വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. ആലപ്പുഴയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികൃതരും ചേർന്ന് ലൈൻ അഴിച്ചുമാറ്റി ക്രെയിൻ ഉപയോഗിച്ചാണ് മരം നീക്കിയത്. ആലപ്പുഴ റബർ ഫാക്ടറി കോമ്പൗണ്ടിലെ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ആലപ്പുഴ: കാലവർഷത്തിൽ മഴ കനത്തതോടെ മഴക്കെടുതി നേരിടാൻ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ല ആസ്ഥാനത്തും വിവിധ താലൂക്ക് ആസ്ഥാനത്തും പ്രവർത്തിക്കും. കലക്ടറേറ്റ്-0477 2238630, ടോൾ ഫ്രീ നമ്പർ- 1077, ചേർത്തല- 0478 2813103, അമ്പലപ്പുഴ-0477 2253771, കുട്ടനാട്-0477 2702221, കാർത്തികപ്പള്ളി -0479 2412797, മാവേലിക്കര-0479 2302216, ചെങ്ങന്നൂർ- 0479 2452334.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.