ചാരുംമൂട്: ആദ്യകാല സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടവും വിശ്രമകേന്ദ്രവും നശിക്കുന്നു. ആദ്യകാലത്ത് നൂറനാട് സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിച്ചിരുന്ന കെ.പി. റോഡരികിലുള്ള കെട്ടിടവും വിശ്രമകേന്ദ്രവുമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിടത്തിന്റെ പരിസരം കാടുകയറിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയ നിലയിലാണ്. രാജഭരണകാലത്ത് സ്ഥാപിച്ചതാണ് സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടവും വിശ്രമകേന്ദ്രവും.
ദൂരെദിക്കുകളിൽനിന്നെത്തുന്ന കാൽനടക്കാർക്ക് ക്ഷീണം മാറ്റാനുള്ളതായിരുന്നു വിശ്രമകേന്ദ്രം. പഴയകെട്ടിടത്തിനു പിന്നിലായി പണിത പുതിയ കെട്ടിടത്തിലേക്ക് 10 വർഷം മുമ്പ് സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം തുടങ്ങിയത്. ഇതോടെ ഉപയോഗശൂന്യമായ പഴയകെട്ടിടം സംരക്ഷിക്കാൻ ആളില്ലാതായി. ചിതൽ കയറി മേൽക്കൂരയും വാതിലുകളും ജനാലകളും ഭിത്തികളും നശിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ വളർന്ന് ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞു തുടങ്ങി.
ലക്ഷങ്ങൾ വിലമതിക്കുന്ന തടികളാണ് മേൽക്കൂരയിലുള്ളത്. മികച്ച സ്ഥലസൗകര്യമുള്ള ഈ കെട്ടിടം സംരക്ഷിച്ചിരുന്നെങ്കിൽ വാടകക്ക് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുമായിരുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത എക്സൈസ് ഓഫിസും മറ്റും പ്രവർത്തിക്കുന്നതിന് ഈ കെട്ടിടം ഉപയോഗയോഗ്യമാക്കി നൽകണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല.
ചാരുംമൂട് മേഖലയിലെ പല സർക്കാർ സ്ഥാപനങ്ങളും വാടകക്കെട്ടിടങ്ങളിൽ പ്രവത്തിക്കുമ്പോഴാണ് പഴയ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം നോക്കാൻ ആളില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. പുരാതനസ്മാരകമായി കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. പാലമേൽ പഞ്ചായത്ത് ഓഫിസ്, നൂറനാട് പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, സബ് ട്രഷറി, കൃഷി ഓഫിസ്, വൈദ്യുതി ഓഫിസ് എന്നിവ ഇതിനു സമീപത്തുതന്നെയാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.