അരൂർ: സംരക്ഷണഭിത്തി നിർമിക്കാത്തതുമൂലം ചന്തിരൂർ വെളുത്തുള്ളി ബണ്ട് റോഡ് അപകടാവസ്ഥയിൽ. വെളുത്തുള്ളി മത്സ്യ പാടത്തിന്റെ പടിഞ്ഞാറെ ബണ്ടിലാണ് റോഡ് നിർമിച്ചത്. നാട്ടുകാരുടെ അഞ്ചരപതിറ്റാണ്ടിെൻറ മുറവിളിക്കൊടുവിലാണ് റോഡ് നിർമിച്ചത്.
എ.എം. ആരിഫ് എം.പിയുടെ പട്ടികജാതി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 43 ലക്ഷം രൂപ ഉപയോഗിച്ചാണ് 490 മീറ്റർ പൂഴിവിരിച്ച റോഡ് നിർമിച്ചത്. ഒന്നര മീറ്റർ ബണ്ടിലും ഒന്നര മീറ്റർ കായലിൽനിന്ന് മണ്ണു കോരിയെടുത്തുമാണ് റോഡ് ഉണ്ടാക്കിയത്. പൂഴി വിരിച്ച് റോഡിെൻറ പ്രാഥമിക നിർമാണം മാത്രമാണ് നടത്തിയത്. വെളുത്തുള്ളി കായലിനരികിൽ നിർമിച്ച റോഡിന് സംരക്ഷണഭിത്തി ഇല്ലെങ്കിൽ റോഡ് കായലിലേക്ക് ഒലിച്ചുപോകുന്ന സ്ഥിതിയാണുള്ളത്. കായലിന്റെ അരികിൽ തെങ്ങിൻ കുറ്റികൾ താഴ്ത്തി താൽക്കാലിക സംരക്ഷണം നൽകിയിരിക്കുകയാണ്.
ശക്തമായ ഒഴുക്കിൽ തെങ്ങിൻ കുറ്റികൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. തൊഴിലാളികളുടെ 70ഓളം വീടുകൾ ബണ്ട് റോഡിന് അരികിലുണ്ട്. വീടുകളുടെയും റോഡിന്റെയും സംരക്ഷണത്തിന് അടിയന്തരമായി കരിങ്കൽഭിത്തി നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വടക്കേ അറ്റത്തുനിന്ന് കിഴക്കോട്ട് റോഡ് നീട്ടിയാൽ ചന്തിരൂർ ഹൈസ്കൂളിന് സമീപമുള്ള ദേശീയപാതയിൽ എത്താം. എന്നാൽ, മത്സ്യപ്പാടത്തേക്ക് വെള്ളം കയറാൻ പത്താഴം സ്ഥാപിക്കപ്പെട്ടതുകൊണ്ട് ബണ്ട് റോഡ് ഇവിടെ മുറിയുന്ന അവസ്ഥയുണ്ട്.
ഇരുചക്ര വാഹനങ്ങൾക്ക് സാഹസികമായി കടന്നുപോകാമെന്നു മാത്രം. റോഡിെൻറ പൂർണ പ്രയോജനം പ്രദേശവാസികൾക്ക് ലഭിക്കണമെങ്കിൽ സ്ലൂയിസ് കം ബ്രിഡ്ജ് നിർമിക്കണം. ഇതിന് ഹാർബർ എൻജിനീയറിങ് വിഭാഗത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് വെളുത്തുള്ളി കർഷകസംഘം ഭാരവാഹികൾ പറഞ്ഞു. നിർമിതികൾ എല്ലാം പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരത്തിനുള്ള വലിയ സാധ്യതയാണ് വെളുത്തുള്ളിക്കായൽ തുറന്നുതരുന്നത്. ഇപ്പോൾപോലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.