ആലപ്പുഴ: ജനറൽ ആശുപത്രിയിലെ വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈന് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒക്ടോബർ 24ന് ജനറൽ ആശുപത്രിയിൽ വനിത ഡോക്ടറുമായുണ്ടായ തർക്കമാണ് കേസിന് കാരണമായത്. വിഷയത്തിൽ ഡോക്ടറും കെ.ജി.എം.ഒ.എയും സൗത്ത് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
നഗരസഭ വിശ്രമകേന്ദ്രത്തിലെ പാർക്കിലെത്തിയ സംഘം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആക്രമിച്ചിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ പരിക്കേറ്റവർക്ക് യഥാസമയം ചികിത്സ നൽകിയില്ലെന്ന പരാതി ഉയർന്നു. ഇതാണ് തർക്കത്തിന് കാരണമായത്. ഹുസൈന് ഒപ്പം നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിതയും ആശുപത്രിയിലുണ്ടായിരുന്നു. കവിതയെ ഒന്നും ഹുസൈനെ രണ്ടാം പ്രതിയുമാക്കിയുമാണ് പൊലീസ് ആദ്യം കേസെടുത്തത്. സി.പി.എമ്മുകാരിയായ കവിതയെ പിന്നീട് കേസിൽനിന്ന് ഒഴിവാക്കിയ പൊലീസ് സി.പി.ഐക്കാരനായ ഹുസൈനെ ഒന്നാം പ്രതിയാക്കുകയായിരുന്നു. ചൊവ്വാഴ്ച ഹുസൈന് മുൻകൂർ ജാമ്യം ലഭിച്ചത് സി.പി.ഐക്ക് ആശ്വാസം നൽകുന്നതായി. 15ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരകണം.
അന്നേ ദിവസം തന്നെ ചോദ്യംചെയ്യൽ പൂർത്തിയാക്കി വൈകീട്ട് നാലിന് മുമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്നാണ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ഉത്തരവായത്. വനിത ഡോക്ടർക്ക് ദേഹോപദ്രവമേറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ജോലി തടസ്സവും ആശുപത്രിക്ക് നാശവും വരുത്തിയിട്ടില്ല. ഹരജിക്കാരൻ ജനപ്രതിനിയാണ്. മറ്റ് കേസുകളിൽ പ്രതിയല്ലെന്ന സാഹചര്യവും ജാമ്യത്തിന് പരിഗണിക്കുന്നതായി ഉത്തരവിൽ പറയുന്നു.
എന്നാൽ, വിഷയത്തിൽ സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമാകുകയാണ്. സംഭവമറിഞ്ഞ് ആദ്യം ആശുപത്രിയിൽ എത്തിയ സ്ഥിരംസമിതി അധ്യക്ഷയെ കേസിൽനിന്ന് ഒഴിവാക്കിയതിൽ ചതി നടന്നതായാണ് സി.പി.ഐ ആരോപണം.
ഭരണകക്ഷിയിലെ രണ്ട് ജനപ്രതിനിധികൾ ഒരേ വിഷയത്തിലാണ് ആശുപത്രിയിൽ എത്തിയത്. ആദ്യം എത്തിയത് സ്ഥിരംസമിതി അധ്യക്ഷയാണ്. ഈ സാഹചര്യത്തിൽ ഹുസൈനെ ഒറ്റപ്പെടുത്തുന്ന തരത്തിൽ ഭരണപക്ഷത്തെ പ്രധാന കക്ഷിയിൽനിന്ന് ഇടപെടലുണ്ടായത് അംഗീകരിക്കാനാവില്ലെന്നാണ് സി.പി.ഐ നിലപാട്.
സംഭവത്തിൽ സി.പി.ഐയുടെ പ്രതിഷേധം വരുംദിവസങ്ങളിൽ നഗരസഭക്കുള്ളിലും പുറത്തും ഉയരാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.എമ്മിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. സി.പി.എം അനുകൂല യൂനിയനെ സ്വാധീനിച്ച് തങ്ങളുടെ നേതാവിനെ കേസിൽനിന്നും ഒഴിവാക്കിയവർ വൈസ് ചെയർമാനെ ആസൂത്രിതമായി കുടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
നിലവിലെ നഗരസഭ അധ്യക്ഷക്ക് വൈസ് ചെയർമാനോടുള്ള അതൃപ്തിയും കേസിൽ പ്രതിഫലിച്ചതായാണ് ആക്ഷേപം. നേരത്തേയുണ്ടായിരുന്ന ചെയർപേഴ്സനുമായി ഹുസൈനുണ്ടായിരുന്ന സൗഹൃദമാണ് അതൃപ്തിക്ക് കാരണമായതത്രേ. ചൊവ്വാഴ്ച നടന്ന സി.പി.ഐ ജില്ല എക്സിക്യൂട്ടിവിലും വിഷയം കാര്യമായ ചർച്ചക്കിടയാക്കി. എന്നാൽ, ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മുന്നണിയെ ബാധിക്കുന്ന തരത്തിൽ പരസ്യ പ്രതികരണം വേണ്ടതില്ലെന്ന അഭിപ്രായം ഉയർന്നതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.