ആലപ്പുഴ: കാലവർഷത്തിലും ആലപ്പുഴയിൽ മഴയുടെ തോത് കുറഞ്ഞു. ജൂൺ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച് 26 ശതമാനം മഴയുടെ കുറവാണുണ്ടായത്. ശരാശരി ലഭിക്കേണ്ട 570.1 മി. മീറ്റർ മഴയിൽ 424.6 മാത്രമാണ് ഇവിടെ ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വേനൽമഴ കിട്ടിയത് ആലപ്പുഴയിലാണ്. മാർച്ച് ഒന്ന് മുതൽ മേയ്31വരെ 90 ശതമാനം അധികമഴയാണ് കിട്ടിയത്. ഈ കാലയളവിൽ മാത്രം 837.2 മി. മീറ്റർ മഴ പെയ്തു. പ്രതീക്ഷിച്ചിരുന്നത് 441.4 മി. മീറ്റർ മഴയായിരുന്നു.
വേനൽചൂടിൽ വെന്തുരുകിയ ആലപ്പുഴയിൽ മേയ് 15വരെ കാര്യമായ മഴ ലഭിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിലാണ് റെക്കോർഡ് മഴ ലഭിച്ചത്. കാലവർഷത്തിന്റെ തുടക്കത്തിലും മഴ തീരെ കുറവായിരുന്നു. 256.7 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 125.8 മി. മീറ്റർ മഴ മാത്രമാണ് കിട്ടിയത്. കഴിഞ്ഞവർഷം വേനൽമഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ടായി. 441.4 മീ. മീറ്റർ കിട്ടേണ്ടിടത്ത് 308.7 മി. മീറ്ററാണ് ലഭിച്ചത്.
ജൂണിൽ കേരളത്തിൽ ലഭിക്കേണ്ട മഴയുടെ അളവിലും കുറവുണ്ട്. ഇത്തവണ പെയ്തത് 515.6 മി. മീറ്റർ മഴയാണ്. ശരാശരി കിട്ടേണ്ടത് 672.3 മി. മീറ്ററാണ്. 23 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2013 ജൂണിലാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ മഴ കിട്ടിയത്. അന്ന് 1042.7 മി. മീറ്ററാണ് ലഭിച്ചത്. ഏതാനും വർഷമായി ജൂണിൽ മഴ കുറയുന്നതായാണ് കണക്ക്. ആഗസ്റ്റിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.