ആലപ്പുഴ: സ്വകാര്യബസുകളിലെ അലക്ഷ്യഡ്രൈവിങ് പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കുമെന്ന് ജില്ല റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എ.കെ. ദിലു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴ ആലുക്കാസ് ജൂവലറിക്ക് സമീപത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് നടപടി.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മണ്ണഞ്ചേരി-ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന സ്വകാര്യബസിൽനിന്ന് വീണ് തിരുവമ്പാടി ഹയർസെക്കൻഡറി പ്ലസ്ടു വിദ്യാർഥി നിജിൽ ജോസിനാണ് (17) പരിക്കേറ്റത്. കുട്ടി വാതിൽപടിയിൽ നിൽക്കുമ്പോൾ ബസിന്റെ വാതിൽ അടഞ്ഞിരുന്നില്ല. ഇതോടെ തലയടിച്ച് നിലത്തുവീണ വിദ്യാർഥിയെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടമുണ്ടാക്കിയ ബസിന്റെ പെർമിറ്റ് താൽക്കാലികമായി ആർ.ടി.ഒ റദ്ദാക്കി. ഇതിനൊപ്പം ബസ് ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള വാതിൽ അടക്കാതെ സർവിസ് നടത്തിയതിനാണ് വിദ്യാർഥി ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. രണ്ട് മാസം മുമ്പ് ഒരുവിദ്യാർഥിയുടെ ബാഗ് ബസിൽനിന്ന് തെറിച്ച് പോയിട്ടും ജീവനക്കാർ വാഹനം നിർത്താതിരുന്നില്ല. ഈ സംഭവത്തിലും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
നഗരത്തിലെ സ്വകാര്യബസ് ജീവനക്കാർക്ക് തിരിച്ചറിയൽകാർഡ് നിർബന്ധമാക്കും. ഇവർക്കായി മോട്ടോർ വാഹനവകുപ്പ് 21 മുതൽ അർധദിന പരിശീലന ക്ലാസ് നടത്തും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്ലാസ്. ജീവനക്കാരുടെ പെരുമാറ്റം, റോഡ് സുരക്ഷ എന്നിവയായിരിക്കും പ്രധാനവിഷയം. ഐ.ഡി കാർഡുള്ളവർക്ക് മാത്രമേ സ്വകാര്യബസുകളിൽ ജോലിചെയ്യാൻ കഴിയൂ. മേഖലയിലെ വിവിധ അസോസിയേഷനുകളുമായി ചർച്ച നടത്തി ജീവനക്കാരുടെ പരിശീലനം പൂർത്തിയാക്കും.
റോഡിന്റെ ഇടതുവശം ചേർന്നാണ് ഓടിക്കേണ്ടതെന്ന നിയമംപോലും പാലിക്കാതെയാണ് ബസുമായി തോന്നും പോലെ പായുന്നത്. മുന്നിലോടുന്ന എതിരാളിയെ മറികടന്ന് കുറച്ച് യാത്രക്കാരെ കൂടി അധികം കയറ്റാനാണ് ബസുകളുടെ മത്സരയോട്ടം. യാത്രക്കാരുടെ ജീവനുപോലും വിലകൽപ്പിക്കാതെയാണ് പരക്കംപാച്ചിൽ. മത്സരയോട്ടത്തിൽ കൃത്യമായ സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും പരാതിയുണ്ട്. യുവാക്കളായ ഡ്രൈവർമാർ റോഡിൽ കാഴ്ചക്കാരുണ്ടെന്ന ആവേശത്തിൽ നടത്തുന്ന പ്രകടനങ്ങളും അപകടം ക്ഷണിച്ചു വരുത്തുന്നു.
അപകടം വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യബസുകളിൽ ടിക്കറ്റ് എടുത്ത് മഫ്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാത്ര നടത്തും. ജീവനക്കാരെ നിരീക്ഷിച്ച് അതത് ദിവസം റിപ്പോർട്ട് സമർപ്പിക്കും. അമിതവേഗത, മത്സരയോട്ടം, ജീവനക്കാരുടെ പെരുമാറ്റം, കൺസെഷൻ, ഡ്രൈവറുടെ ലഹരി ഉപയോഗം എന്നിവയടക്കം പരിശോധിക്കും.
അമിതവേഗത്തിലും വാതിൽതുറന്നിട്ടും ഓടുന്ന വാഹനങ്ങളുടെ വിഡിയോ ചിത്രീകരിച്ച് പൊതുജനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന് കൈമാറാം. ഈമാസം 15വരെ സോഷ്യൽ എൻഫോഴ്സ്മെന്റ് നടപ്പാക്കും. അതിനുശേഷം പ്രവർത്തനം കടുപ്പിക്കും. വാഹനം സീറോ സ്പീഡിൽ എത്തിയശേഷം മാത്രം വാതിൽ തുറക്കുക. വാതിൽ അടച്ചെന്ന് ഉറപ്പാക്കിയശേഷം വാഹനം മുന്നോട്ടെടുക്കുക. പരിശീലന ക്ലാസോടെ ജീവനക്കാരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.