ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലും മിന്നല്‍ പരിശോധന നടത്തുമെന്ന് വിവരാവകാശ കമീഷണര്‍ എ.എ. ഹക്കീം. ആലപ്പുഴ കലക്ട്രറേറ്റിൽ നടന്ന തെളിവെടുപ്പിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ട്രറേറ്റുകള് കേന്ദ്രീകരിച്ചായിരിക്കും മിന്നല്‍ പരിശോധനയുടെ തുടക്കം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് കലക്ട്രേറ്റുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന. ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഫോറസ്റ്റ് വകുപ്പുകളിലായിരിക്കും പരിശോധന.
ആലപ്പുഴ ജില്ലയില്‍ റവന്യൂ വിദ്യാഭ്യാസ വകുപ്പുകളിലും ചേപ്പാട്, തകഴി തുടങ്ങിയ വില്ലേജ് ഓഫിസുകളിലും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഓഫിസുകളിലും പരിശോധന നടത്തും. വിവരങ്ങള്‍ കൈയിലുണ്ടായിട്ടും അപേക്ഷകന് വിവരങ്ങള്‍ കൈമാറാത്ത ഉദ്യോഗസ്ഥര്‍ ജനാധിപത്യ സര്‍ക്കാറിന് ദുഷ്പ്പേരുണ്ടാക്കും. ഹിയറിങ്ങില്‍ വിദ്യാഭ്യാസ വകുപ്പില്‍ നേരിട്ട് നടക്കുന്നനിയമനങ്ങള്, സ്ഥല മാറ്റങ്ങള്‍, തസ്തികമാറ്റം പോലെയുള്ള നിയമനങ്ങളില്‍ വ്യക്തമായ രേഖയുടെ അഭാവത്തില്‍ ഹരജിക്കാരന് അവ ലഭ്യമാക്കാന്‍ 21 ദിവസം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുവദിച്ചു.
ഓട്ടോ കാസ്റ്റിലെ ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും അതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഒരാഴ്ച അനുവദിച്ചു. ആലപ്പുഴ നഗരസഭയില്‍ എന്‍ജിനീയറിങ് വിഭാഗത്തിനെതിരെ വന്ന പരാതിയില്‍ വിവരം തല്‍ക്ഷണം ലഭ്യമാക്കി. തകഴി വില്ലേജിലെ പുറമ്പോക്ക് ഭൂമിയുടെ രേഖകളെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ അപേക്ഷകന്റെ ആവശ്യപ്രകാരം ജില്ല കലക്ടര്‍ പ്രത്യേകഅന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന് ആവശ്യപ്പെട്ടു. ഹിയറിങ്ങില്‍ 19 അപ്പീലുകളും തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.