ആലപ്പുഴ: കുട്ടനാടൻ കുത്തരിക്ക് നല്ലകാലം വരുമെന്ന പ്രതീക്ഷ പകരുകയാണ് ‘കായൽരത്ന’ കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട്. കർഷകരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടികളാണ് റിപ്പോർട്ട് വിഭവനം ചെയ്യുന്നത്.
സർക്കാറിന്റെ നെല്ല് സംഭരണം, അതിന്റെ വിലയ്ക്കായുള്ള കർഷകരുടെ കാത്തിരിപ്പ് എന്നിവ ഒഴിവാക്കാനും കുട്ടനാടൻ കുത്തരി കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുമുള്ള നിർദേശങ്ങളാണ് പുതിയ റിപ്പോർട്ട് മുന്നാട്ടുവെക്കുന്നത്. ചങ്ങനാശ്ശേരി സെന്റ് ബർക്മൻസ് കോളജിലെ കൺസൽട്ടൻസി സെല്ലിന്റെ സഹായത്തോടെയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കുട്ടനാട്ടിൽനിന്നും വാണിജ്യാടിസ്ഥാനത്തിൽ മായംചേരാത്ത തവിടുള്ള കുത്തരി ഉൽപാദിപ്പിച്ച് വിപണനം നടത്താൻ ജില്ല ഭരണകൂടം പദ്ധിതിയുമായി മുന്നോട്ട് പോവുകയാണ്.
വിശദമായ റിപ്പോർട്ടാണ് കലക്ടർക്ക് സമർപ്പിച്ചിരിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ അറിയിച്ചു. പ്രഫ. ഡോ. മാത്യു ജോസഫിന്റെ നേതൃത്വത്തിലുള്ള കൺസൽട്ടൻസി സെൽ തയാറാക്കി ജില്ല ഭരണകൂടത്തിന് നൽകിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആലോചിച്ചു വരുകയാണെന്ന് കലക്ടർ അറിയിച്ചു. വരാൻ പോകുന്ന പുഞ്ചകൃഷി മുതലാകും ഈ പദ്ധതിയനുസരിച്ചുള്ള കൃഷി തുടങ്ങുക.
കൃഷിയും വിപണനവും കുടുംബശ്രീയിലൂടെ
കുട്ടനാടൻ കർഷകർ കാലങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ ജില്ല ഭരണകൂടവും കുടുംബശ്രീ മിഷനുമായി ചേർന്ന് കുട്ടനാടൻ കുത്തരിക്ക് പ്രാദേശിക ബ്രാൻഡ് സൃഷ്ടിക്കാനുള്ള പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ‘കായൽരത്ന റൈസ്’ പേരിൽ പ്രീമിയം ഉൽപന്നമായി ഈ അരി വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനവും സുസ്ഥിതിയും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക കർഷകരെ പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. കൃഷിചെയ്യുന്ന ചുമതല കുടംബശ്രീ യൂനിറ്റുകളുടെ കൺസോർട്യം രൂപവത്കരിച്ച് അവക്ക് കൈമാറും.
കുടംബശ്രീ യൂനിറ്റുകൾക്ക് സർക്കാർ സബ്സിഡിയോടെ വായ്പ ലഭ്യമാക്കും. കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന നെല്ല് ഓയിൽപാം മില്ലിൽ കുത്തി അരിയാക്കി കുടുംബശ്രീകളുടെ വിപണന ശൃംഖല വഴി വിറ്റഴിക്കുന്നതാണ് പദ്ധതി. 65 ശതമാനം തവിടോടുകൂടിയ സോർടെക്സ് അരിയാകും വിപണനത്തിന് എത്തിക്കുക.
ഉമക്ക് പകരം ജ്യോതി വരും
155 ഹെക്ടറിൽ കൃഷിയിറക്കും. ഉമ എന്ന ഉണ്ട അരിയാണ് ഇപ്പോൾ കുട്ടനാട്ടിൽ വ്യാപകമായി കൃഷിചെയ്തുവരുന്നത്. അതിന് ഡിമാൻഡ് കുറവാണ്. പകരം ഡിമാൻഡുള്ള ജ്യോതി എന്ന വടി അരിയുടെ വിത്ത് വിതക്കാനാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. കുട്ടനാടൻ അരിയെന്ന ബ്രാൻഡിൽ ഇപ്പോൾ അരി വിപണിയിൽ എത്തുന്നുണ്ട്.
അത് ഉണ്ട അരിയായതിനാൽ ഡിമാൻഡ് കുറവാണ്. മധ്യതിരുവിതാംകൂറിലായിരിക്കും അരി ലഭ്യമാകുക. സർക്കാർ വിഭാവനം ചെയ്യുന്ന കേരള ബ്രാൻഡ് ഇനങ്ങളുടെ വിൽപന സ്റ്റോറുകൾ സ്ഥാപിതമാകുന്നതോടെ അവയിലും ലഭ്യമാകും. കിലോക്ക് 61 രൂപക്ക് വിൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജ്യോതി ഇനം വിത്ത് പൊക്കത്തിൽ വളരുന്ന ഇനമാണ്. കാറ്റടിച്ചാൽ അത് വീണുപോകുമെന്നതിനാലാണ് കർഷകർ ഉമ വിത്ത് വ്യാപകമായി കൃഷി ചെയ്യുന്നത്. അതിന് ഡിമാൻഡ് കുറവായതിനാൽ സപ്ലൈകോ സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻ കടകളിലൂടെയാണ് വിൽപന നടത്തുന്നത്.
ഇപ്പോൾ വിഭാവനം ചെയ്യുന്ന പദ്ധതിയനുസരിച്ചായാൽ പെട്ടെന്ന് തുക കർഷകർക്ക് ലഭ്യമാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രഫ. ഡോ. മാത്യു ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.