അഭിമന്യു വധം: വാർഷികദിനത്തിൽ സുരക്ഷാ വലയമൊരുക്കി പൊലീസ്

കായംകുളം: വിഷുദിനത്തിലെ ഉത്സവക്കാഴ്ചകൾക്കിടെ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ സഹോദരനായ 10ാം ക്ലാസ് വിദ്യാർഥിയെ ക്ഷേത്രത്തിന്‍റെ അൻപൊലി കളത്തിൽ കുത്തിവീഴ്ത്തി ജീവനെടുത്തിട്ട് ഒരുവർഷം. പ്രതികൾ ജാമ്യത്തിലിറങ്ങിയ സാഹചര്യവും വിഷുദിന കെട്ടുകാഴ്ച നടക്കുന്നത് കണക്കിലെടുത്തും കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തുന്നത്.

വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളി കുമാറിന്‍റെ മകൻ അഭിമന്യുവാണ് 2021 ഏപ്രിൽ 14ന് രാത്രി കൊലചെയ്യപ്പെട്ടത്. പടയണിവട്ടം ക്ഷേത്രവളപ്പിൽ ആർ.എസ്.എസ് സംഘം 15കാരനായ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവർക്ക് കുത്തേൽക്കുകയും ചെയ്തു. കെട്ടുകാഴ്ചക്കിടെയായിരുന്നു ആക്രമണം. കേസിലെ ഒരുപ്രതി ഒഴികെ മുഴുവൻപേരും ജാമ്യത്തിലാണെന്നതാണ് പൊലീസിന് വെല്ലുവിളി.

പ്രതികളായ കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം ഐശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജ ഭവനത്തിൽ ഉണ്ണികൃഷ്ണൻ (ഉണ്ണിക്കുട്ടൻ 24) എന്നിവരാണ് ജാമ്യത്തിലുള്ളത്. കുറ്റപത്രം സമർപ്പിച്ച ശേഷം കീഴടങ്ങിയ പ്രധാന പ്രതി വള്ളികുന്നം തറയിൽ കുറ്റിയിൽ അരുൺ വരിക്കോലിക്കാണ് (24) ഇനി ജാമ്യം ലഭിക്കാനുള്ളത്. കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടി ആരംഭിച്ചിട്ടില്ല.വ്യാഴാഴ്ച നടക്കുന്ന കെട്ടുത്സവത്തിൽ പൊലീസ് കനത്ത മുൻകരുതലാണെടുത്തിട്ടുള്ളത്. വിഷുദിനമായ 15ന് വൈകീട്ട് പുത്തൻചന്ത ജങ്ഷനിലെ അഭിമന്യുവിന്‍റെ വീടിന് മുന്നിലാണ് സി.പി.എം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - Abhimanyu murder: Police set up security cordon on anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.