ആലപ്പുഴ: ഒറ്റനോട്ടത്തിൽ ബജറ്റ് ജില്ലയെ കൈവിട്ടില്ല. കാർഷികം, ടൂറിസം, വികസനം ഉൾപ്പെടെ മേഖലകളിൽ കാര്യമായ പദ്ധതികളൊന്നുമില്ല.
സംസ്ഥാനത്തിന് മൊത്തമായി പ്രഖ്യാപിച്ച ചില പദ്ധതികളിൽ ആലപ്പുഴയും ഇടംനേടിയെന്നതാണ് ആശ്വാസം. നേരത്തെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പലതും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ കടന്നെത്തിയ ആവർത്തന പദ്ധതികൾ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നു.
കുട്ടനാടിനെ കരകയറ്റാൻ പര്യാപ്തമായ പദ്ധതികളില്ല. വിനോദസഞ്ചാരമേഖലയിലും കയർമേഖലയിലും നേരിയ ഉണർവേകുന്ന ചില പദ്ധതികൾ മാത്രമാണുള്ളത്. കുട്ടനാട് പാക്കേജ് ഉൾപ്പെടെ വൻപദ്ധതിയുടെ തുടർച്ച കർഷകർ പ്രതീക്ഷിച്ചിരുന്നു.
പ്രതിസന്ധിയിലായ കയര്‍മേഖലക്ക് ഉണർവേകാൻ 107.64 കോടി അനുവദിച്ചതാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കയറും കയർ ഉൽപന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും 38 കോടിയാണ് നീക്കിവെച്ചത്.
ആലപ്പുഴ ഉൾപ്പെടെ പ്രദേശങ്ങളില്‍ 100 മുതല്‍ 200 വരെ പേർ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി കേന്ദ്രങ്ങളിൽ വർക്ക് നിയർ ഹോമിന്റെ ഭാഗമായി ലീപ് സെന്ററുകൾക്കായി 10 കോടിയും മത്സ്യബന്ധനമേഖലയില്‍ പട്രോളിങ്ങിനായി 20 ബോട്ടുകള്‍ വാടകക്ക് എടുക്കാനും മത്സ്യവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനും ഒമ്പതുകോടിയും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്കുന്ന പദ്ധതിക്ക് 10 കോടിയും തീരദേശഅടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 കോടിയും ബജറ്റിൽ ഇടംപിടിച്ചു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് സഹായകമാകുന്ന ചില പദ്ധതികളിൽ ജില്ലയും ഇടംപിടിച്ചിട്ടുണ്ട്.
ബജറ്റ് ഒറ്റനോട്ടത്തിൽ
- ചാമ്പ്യന്‍സ് ട്രോഫി ലീഗിന് 9.96 കോടി
- ജലഗതാഗതവകുപ്പിന് പുതിയബോട്ടുകൾ വാങ്ങാനും ഫെറി സർവിസുകൾ മെച്ചപ്പെടുത്താനും 22.30 കോടി
- കൊല്ലം-അഷ്ടമുടി, ആലപ്പുഴ-വേമ്പനാട് കായല്‍ ടൂറിസം പദ്ധതിക്ക് രണ്ട് ബോട്ടുകള്‍ വാങ്ങാൻ അഞ്ച് കോടി
- ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ അക്വാകള്‍ച്ചര്‍ വികസനത്തിന് 67.50 കോടി
- അരൂര്‍-ചന്തിരൂര്‍ പ്രദേശത്തെ മത്സ്യവ്യവസായ മേഖലയിൽ പൊതുമലിനജല സംസ്കരണശാലക്ക് 10 കോടി
- മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്കുന്ന പദ്ധതിക്ക് 10 കോടി
- തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ 10 കോടി
- രണ്ടാംകുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പില്‍വേയിലെയും വെള്ളപ്പൊക്കനിവാരണ പ്രവര്‍ത്തികൾക്ക് അഞ്ച് കോടി
- കുട്ടനാട് മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് നബാര്‍ഡ്- ആര്.ഐ.ഡി.എഫ്. പദ്ധതിക്ക് 100 കോടി.
- ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 കോടി
- കയര്‍മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, സ്വകാര്യസംരംഭങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനത്തിന് 32 കോടി
- കയര്‍ മേഖലയിലെ ഗവേഷണ വികസനപദ്ധതികള്‍ക്ക് ഏഴ് കോടി
- കയര്‍ഫെഡ് പോലുള്ള ഏജന്‍സികള്‍വഴി കയറിന്റെയും കയര്‍ ഉൽപന്നങ്ങളുടെയും സംഭരണവും വിലസ്ഥിരത ഉറപ്പാക്കുന്ന പദ്ധതിക്ക് 38 കോടി
- ആലപ്പുഴ ഉൾപ്പെടെ തുറമുഖങ്ങളുടെ സമഗ്ര അടിസ്ഥാനവികസനത്തിന് 39.20 കോടി
- കായംകുളം, മനക്കോടം ഉള്‍പ്പടെയുള്ള ചെറുകിടതുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് കോടി
- പ്രധാന ജില്ല റോഡുകളിലെ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും 66 കോടി
- നിലവിലെ പാലങ്ങളുടെ സംരക്ഷണത്തിനും പുനര്‍നിര്‍മാണത്തിനും 25 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.