മാങ്കാംകുഴി: വയോജന ദിനത്തിൽ വഴിതെറ്റി അലഞ്ഞ വയോധികക്ക് സംരക്ഷണമൊരുക്കി പൊലീസ്. കായംകുളം പത്തിയൂർ സ്വദേശിനി കുഞ്ഞുകുട്ടിയെയാണ് (80) കുറത്തികാട് എസ്.ഐ എം.എസ്. എബി, സീനിയർ സി.പി.ഒ പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലകടവ് ദയാഭവൻ വയോജന കേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ മാങ്കാംകുഴി ജങ്ഷന് സമീപമാണ് റോഡിൽ വഴിതെറ്റി അലയുന്ന വയോധികയെ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപെട്ട കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി കുറത്തികാട് എസ്.ഐ എം.എസ്. എബിയെ വിവരം അറിയിക്കുകയായിരുന്നു. മാങ്കാംകുഴിക്ക് സമീപമുള്ള ബന്ധുവീടുകളിൽ എത്തിയതായിരുന്നു വയോധിക. പിന്നീട് കായംകുളം പത്തിയൂരിലേക്ക് മടങ്ങും വഴിയാണ് വഴിതെറ്റിയത്. മാങ്കാംകുഴിയിലെ ബന്ധുക്കളെ അറിയിച്ചെങ്കിലും ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് ദയാഭവൻ ഡയറക്ടർ ഫാ. പി.കെ. വർഗീസുമായി ബന്ധപ്പെട്ട് ഇവിടെ എത്തിക്കുകയുമായിരുന്നു. വയോധികയിൽനിന്ന് വിവരങ്ങൾ തേടിയശേഷം ബന്ധുക്കളെ പൊലീസ് വിവരം അറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാൻ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.