ആലപ്പുഴ: പ്രളയാനന്തരം സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റിവ് എന്റർപ്രണർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ജില്ലയിൽ പിറവിയെടുത്തത് 3700 സംരംഭങ്ങൾ. മൂന്ന് ബ്ലോക്കുകളിലായാണിത്. ഒരു ബ്ലോക്കിൽ കുറഞ്ഞത് 1200 സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
2018ലെ പ്രളയത്തിൽ ഉപജീവനമാർഗം നഷ്ടമായവർക്ക് ജീവിതമാർഗം നേടിയെടുക്കാൻ തുടങ്ങിവെച്ച പദ്ധതിയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതംനേരിട്ട ചെങ്ങന്നൂർ, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 2021ലാണ് ഇതിന് തുടക്കമിട്ടത്. സാമ്പത്തിക ദുരന്തത്തിൽനിന്ന് കരകയറാൻ കുട്ടനാട് ഇപ്പോഴും ശ്രമിക്കുമ്പോഴാണ് ഉപജീവനമാർഗം നഷ്ടപ്പെട്ട നിരവധി സ്ത്രീകൾക്ക് കുടുംബശ്രീ മിഷൻ തുണയായത്.
കഞ്ഞിക്കട, ഒഴുകിനടക്കുന്ന ഹോട്ടൽ, ജല-കായിക-വിനോദ പാർക്ക്, ഹെൽത്ത് ടൂറിസം ക്ലിനിക്, കഫറ്റീരിയകൾ എന്നിവയെല്ലാം എടുത്തുപറയേണ്ട സംഭംഭങ്ങളാണ്. ഇതിലൂടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിഞ്ഞു.
ഇതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക സഹായങ്ങളും വിവിധ പരിശീലനങ്ങളും നൽകി. വിവിധ വകുപ്പുകളുടെ ഒത്തുചേരലിലൂടെയും ബാങ്ക് വായ്കളിലൂടെയും സംരംഭകരെ സഹായിക്കാനായെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു പറഞ്ഞു. ബ്ലോക്കിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാരും എം.ഇ കൺവീനർമാരും അടങ്ങുന്ന ബി.എൻ.എസ്.ഇ.പി കമ്മിറ്റിയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്.
വിവിധ ഡിപ്പാർട്മെന്റുകളുടെ കൺവെർജിലൂടെയും ബാങ്ക് വായ്പയിലൂടെയും സംരംഭകരെ സഹായിച്ചു. പദ്ധതി നിർവഹണത്തിന് ഓരോ ബ്ലോക്കിലും എൻ.ആർ.ഒ സപ്പോർട്ട് വഴി നിയമിച്ച മെന്ററുമുണ്ട്. ഡി.എം.സി ജെ. പ്രശാന്ത് ബാബു, എ.ഡി.എം.സി എം.ജി. സുരേഷ്, ഡി.പി.എം മിതു മോഹനൻ എന്നിവർ മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.