ആലപ്പുഴ: ആറുവർഷം പിന്നിടുന്ന കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലൂടെ തണലും കരുതലും ഒരുക്കി ജില്ലയിൽ 2315 പേർക്ക് പുതുജീവൻ. അതിക്രമത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും കൗൺസലിങ്ങും സൗജന്യ നിയമസഹായവും നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഇതുവരെ 930 പേർക്ക് ജില്ലയിൽ താൽക്കാലിക അഭയമൊരുക്കി. ഇതിനൊപ്പം 984 പേർ നേരിട്ടും 1331 പേർ ടെലി കൗൺസലിങ്ങിലൂടെയും സഹായം തേടി.
കുടുംബശ്രീ നേതൃത്വത്തിൽ 2013ൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിച്ചത്. പിന്നാലെ 2017 ഡിസംബറിലാണ് ജില്ലയിൽ തുടങ്ങിയത്. ഓരോ കേന്ദ്രങ്ങളിലും കൗൺസലർ, സേവനദാതാക്കൾ, സെക്യൂരിറ്റി, ഓഫിസ് അസിസ്റ്റന്റ്, കെയർ ടേക്കർ തുടങ്ങിയ തസ്തികകളിലായി 11 പേരെ നിയമിച്ചിട്ടുണ്ട്.
24 മണിക്കൂർ കൗൺസലിങ്, ടെലി കൗൺസലിങ്
ഗാർഹിക പീഡനം, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ അടിയന്തര സേവനങ്ങൾ
സൗജന്യനിയമസഹായം, അവശ്യഘട്ടങ്ങളിൽ
പ്രശ്നങ്ങളിൽ വീടുവിട്ടിറങ്ങേണ്ടവരും യാത്രക്കിടെ ഒറ്റപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക സംരക്ഷണം ബോധവത്കരണ പരിപാടികൾ, ഉപജീവന-അതിജീവന മാർഗനിർദേശങ്ങൾ എന്നിവ നൽകുക,വിവിധ സർക്കാർ ഇതരവകുപ്പുകളുടെ സംയോജനം
ആലപ്പുഴ വെള്ളക്കിണറിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്തുണക്കും സഹായത്തിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യസഹായകേന്ദ്രമാണിത്. 155399, 1800 425 20002 ടോൾഫ്രീ നമ്പറുകളിലും 0477- 2230912 നമ്പറിലേക്കും വിളിച്ച് പ്രശ്നം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.