ആലപ്പുഴ: നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വലഞ്ഞു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന ബസുകളിലെ ഒരുവിഭാഗം തൊഴിലാളികളാണ് പണിമുടക്കിയത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുണ്ടുംകുഴിയുമായി തകർന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. തിങ്കളാഴ്ച രാവിലെ സമരത്തോട് സഹകരിക്കാതെ ഈ റൂട്ടിലോടിയ മറ്റ് ബസുകൾ സമരാനുകൂലികൾ തടഞ്ഞു. കപ്പക്കടക്ക് സമീപം നിരത്തിലിറങ്ങിയ ബസുകളാണ് തടഞ്ഞത്.
ഇതിൽ പ്രതിഷേധിച്ച് 30ലധികം ബസുകൾ സർവിസ് നിർത്തിവെക്കുകയായിരുന്നു. അപ്രതീക്ഷിത പണിമുടക്കിൽ വിദ്യാർഥികളടക്കമുള്ളവരാണ് ദുരിതത്തിലായത്. പൊലീസ് സംരക്ഷണയിൽ മാത്രമേ സർവിസ് നടത്തുവെന്ന് തൊഴിലാളികൾ നിലപാട് സ്വീകരിച്ചതോടെ ബസുടമകളുടെ പ്രതിനിധികൾ കലക്ടർക്കും ആർ.ടി.ഒക്കും പൊലീസിനും പരാതി നൽകി. തുടർന്ന് നടത്തിയ ചർച്ചയിൽ സംരക്ഷണംകൊടുക്കാമെന്ന ഉറപ്പിലാണ് സർവിസുകൾ തിങ്കളാഴ്ച വൈകീട്ട് പുനരാരംഭിച്ചത്.
ഡ്രൈവർമാരെ കിട്ടാത്തതിനാൽ ചില സർവിസുകൾ നടത്താനായില്ല. കുണ്ടുംകുഴിയും നിറഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ നിവേദനം നൽകിയിരുന്നു. കുഴിയിൽ വീണ് ബസിന്റെ പ്ലേറ്റ് ഉൾപ്പെടെ ഒടിഞ്ഞ് വൻ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. തുടർന്ന് ദേശീയപാത അധികൃതർ റോഡ് നന്നാക്കാനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കിയത്.
ആലപ്പുഴ: ഒരുവിഭാഗം തൊഴിലാളികൾ നടത്തിയ സമരത്തിന് ബസുടമകളുമായി ബന്ധമില്ലെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെ.ബി.ടി.എ) ജില്ല പ്രസിഡന്റ് പി.ജെ. കുര്യൻ. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന ചില ബസിലെ തൊഴിലാളികളാണ് സമരം നടത്തിയത്. കപ്പക്കട മുതൽ തെക്കോട്ട് കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാത നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പണി പുനരാരംഭിച്ചപ്പോൾ നടത്തിയ സമരം അനാവശ്യമാണ്.
ഈ റൂട്ടിൽ സർവിസ് നടത്തുന്ന ഭൂരിഭാഗം ബസുകളും പുതിയതാണ്. വാഹനത്തിന്റെ സുരക്ഷയും സാമ്പത്തികനഷ്ടവും കണക്കിലെടുത്ത് ഒരുവിഭാഗം ജീവനക്കാർ സർവിസ് നിർത്തിവെക്കുകയായിരുന്നു. ഇതിന് തൊഴിലാളി സംഘടനകളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.