ആലപ്പുഴ: സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങി 143 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 24 മണിക്കുറിനുള്ളിൽ 14 കേസുകളിലായി രണ്ടുപേർ അറസ്റ്റിലായി. ക്വാറൻറീൻ ലംഘിച്ചതിന് മൂന്നുപേർക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 530 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 267 പേർക്കെതിരെയും നടപടിയെടുത്തു. 20,780 പേരെ താക്കീത് നൽകി വിട്ടയച്ചു. ആവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ജില്ലയിൽ തുടരുന്ന മഴക്കെടുതിയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുെണ്ടന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. തീരപ്രദേശത്ത് കടലാക്രമണം മൂലം വീടുകളിൽ വെള്ളം കയറിയാൽ ബന്ധുവീടുകളിലേക്ക് പോകുന്നവർക്കായി യാത്രാപാസുകൾ അനുവദിക്കും. കോവിഡ് പോസിറ്റിവായവരുടെ ലിസ്റ്റ് തയാറാക്കി ക്രമീകരണം ഏർപ്പെടുത്തും. കണ്ടെയ്ൻമെൻറ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി.
പരിശോധനക്ക് കൂടുതൽ പട്രോളിങ് വാഹനങ്ങൾ ഏർപ്പെടുത്തി. അടുത്ത ബന്ധുവിന് മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായരോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിത്സ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വഴിയോര കച്ചവടം അനുവദിക്കില്ല. വൃത്തിയാക്കൽ ജോലികൾ ഉൾപ്പെടെയുള്ള മൺസൂൺ തയാറെടുപ്പ് ജോലികൾ അനുവദിക്കും.
കോവിഡ് വ്യാപനത്തിൽ കൂടുതൽ സ്വയം പ്രതിരോധം തീർക്കാൻ എല്ലാവരും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൂടുതൽ ചെക്കിങ് പോയൻറുകളുണ്ടാകും. സെക്ടറൽ മജിസ്ട്രേറ്റ്, മൊബൈൽ പട്രോൾ, ബൈക്ക് പട്രോൾ, ഫുട്ട്പട്രോൾ, ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥർ എന്നിവർ ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കും. ഇതിനൊപ്പം നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.