കൊട്ടാരക്കര: കൊട്ടാരക്കര മണ്ഡലത്തിൽ ഇടതിന് മുന്നേറ്റം. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫിന് 3403 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. തിരിച്ചുപിടിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കൊടിക്കുന്നിൽ സുരേഷിന് 2769 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഇക്കുറി 10,000 വോട്ട് ലീഡ് നേടുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ.
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺ കുമാറിന് 56,929 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് 53,526 വോട്ടുമാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാലക്ക് 20,999 വോട്ടും ലഭിച്ചു. കൊട്ടാരക്കര നഗരസഭയും ഉമ്മന്നൂരും ഒഴികെ ആറ് പഞ്ചായത്തുകളും യു.ഡി.എഫിനെ കൈവിട്ടു. കൊട്ടാരക്കര നഗരസഭയിൽ 1480 വോട്ടിന്റെയും ഉമ്മന്നൂരിൽ 1682 വോട്ടിന്റെയും ലീഡ് യു.ഡി.എഫിന് ലഭിച്ചു. എന്നാൽ, ആറ് പഞ്ചായത്തുകളിലുമായി 6565 വോട്ടിന്റെ ലീഡാണ് സി.എ. അരുൺ കുമാറിന് ലഭിച്ചത്. കുളക്കട -815, വെളിയം -2247, കരീപ്ര -2554, എഴുകോൺ -530, നെടുവത്തൂർ -270, മൈലം -149 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ എൽ.ഡി.എഫ് ഭൂരിപക്ഷം. കരീപ്ര, എഴുകോൺ, കുളക്കട, വെളിയം, നെടുവത്തൂർ, മൈലം പഞ്ചായത്തുകളിൽ ഒരിക്കൽപോലും കൊടിക്കുന്നിൽ സുരേഷിന് വോട്ടിൽ വിള്ളൽവീഴ്ത്താൻ സാധിച്ചിട്ടില്ല. എല്ലാക്കാലത്തും ഈ പഞ്ചായത്തുകൾ ഇടതിനൊപ്പമാണ് നിന്നിട്ടുള്ളത്. കൊട്ടാരക്കര നഗരസഭയും ഉമ്മന്നൂർ പഞ്ചായത്തും കൊടിക്കുന്നിലിനൊപ്പം ചേർന്നു.
പത്തനാപുരം: ഭൂരിപക്ഷത്തിൽ വൻ ഇടിവോടെ പത്തനാപുരം മണ്ഡലം കൊടിക്കുന്നില് സുരേഷ് നിലനിർത്തി. ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ്-ബി പ്രതിനിധിയും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെ സജീവസാന്നിധ്യമുണ്ടായിട്ടും ഇടത് സ്ഥാനാർഥി സി.എ. അരുൺകുമാറിന് വിജയിക്കാനായില്ല. ഇക്കുറി 1458 വോട്ടിന്റെ ഭൂരിപക്ഷമാണ് കൊടിക്കുന്നിലിന് കിട്ടിയത്. 2019ൽ ഇത് 14,732 ആയിരുന്നു. 13,000ത്തിലധികം വോട്ടുകളുടെ കുറവാണുണ്ടായത്. കോൺഗ്രസിലെ അഭിപ്രായവ്യത്യാസവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്മയും ഭൂരിപക്ഷം കുറച്ചെന്നാണ് വിലയിരുത്തൽ. നന്നായി പൊരുതിയിട്ടും പിടിച്ചെടുക്കാൻ കഴിയാത്ത നിരാശ എൽ.ഡി.എഫ് ക്യാമ്പിലുണ്ട്.
കാലാകാലങ്ങളായി പത്തനാപുരം ലോക്സഭ യു.ഡി.എഫിനൊപ്പമാണ് നിൽക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയ കാലഘട്ടം മുതൽ പത്തനാപുരം നിയോജക മണ്ഡലം കൊടിക്കുന്നില് സുരേഷിന് അനുകൂലമാണ്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വോട്ടിങ് നിലയിൽ കൊടിക്കുന്നിൽ സുരേഷ് തന്നെയാണ് മുന്നിൽ. പ്രാദേശിക നേതാക്കളുമായുള്ള പിണക്കം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കായംകുളം: ഇടത് കുത്തകയാക്കിയ മണ്ഡലത്തിൽ വ്യക്തിപ്രഭാവത്താൽ കെ.സി. വേണുഗോപാൽ മുന്നേറിയപ്പോൾ കണക്കുകളിൽ പിഴച്ച് മുന്നണി നേതൃത്വങ്ങൾ. ഈഴവ സമുദായത്തിലെ ഗണ്യമായ വിഭാഗം എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണച്ചപ്പോൾ ന്യൂനപക്ഷ പിന്തുണയാണ് കെ.സിയെ തുണച്ചത്. ഇടതുപാളയത്തിൽ നിന്ന് ബി.ജെ.പി പക്ഷത്തേക്കുള്ള അടിയൊഴുക്കുകളും യു.ഡി.എഫിന് സഹായകമായി.
സി.പി.എമ്മിനാണ് മണ്ഡലത്തിൽ കനത്ത തിരിച്ചടി സംഭവിച്ചത്. അടിയൊഴുക്കുകൾ മനസ്സിലാക്കുന്നതിൽ വീഴ്ച സംഭവിച്ചത് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. മുതിർന്ന സി.പി.എം നേതാക്കളുടെ ബൂത്തുകളിൽ വരെ ബി.ജെ.പി മുന്നിലെത്തിയത് വിമർശനങ്ങൾക്കിടയാക്കുന്നു.
മണ്ഡലത്തിലെ 185ൽ 84 ബൂത്തുകളിൽ ഒന്നാമതും 45 ബൂത്തുകളിൽ രണ്ടാം സ്ഥാനത്തും ബി.ജെ.പി എത്തിയത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകുന്നു. അനുഭാവികൾ പോലുമില്ലാത്തിടത്ത് വരെ ഒന്നാമതെത്തി. മണ്ഡലത്തിലാകമാനം അടിത്തറയുള്ള ഇടതുമുന്നണിക്ക് 36 ബൂത്തുകളിലേ മുന്നിലെത്താൻ കഴിഞ്ഞുള്ളൂ. 88 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തേക്കും 60 ബൂത്തുകളിൽ മൂന്നിലേക്കും പിന്തള്ളപ്പെട്ടതിന്റെ രാഷ്ട്രീയ കാരണങ്ങൾ തേടിയുള്ള അന്വേഷണവും വരും ദിവസങ്ങളിലുണ്ടാകും. വോട്ടുനിലയിൽ മുന്നിലെത്തിയ യു.ഡി.എഫ് 64 ബൂത്തുകളിലാണ് ഒന്നാമതെത്തിയത്. 54 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തേക്കും 66 ബൂത്തുകളിൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
കഴിഞ്ഞ കുറെക്കാലമായി കൈവിട്ട നഗരത്തിൽ ശക്തമായ തിരിച്ചുവരവാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. 4500 ഓളം വോട്ടിന്റെ മുന്നേറ്റമാണ് ഇവിടെയുണ്ടായത്. ഇതിൽ മൂവായിരത്തോളം വോട്ടും വടക്കൻ മേഖലയിൽ നിന്നാണ്. നോർത്തിലെ 23 ബൂത്തുകളിൽ 20 ലും യു.ഡി.എഫ് മുന്നിലെത്തിയപ്പോൾ മൂന്നിടത്ത് എൻ.ഡി.എയാണ് ഒന്നാമതെത്തിയത്. സൗത്തിലെ 27ൽ 13 ഇടത്ത് വീതം യു.ഡി.എഫും എൻ.ഡി.എയും ഒന്നാമത് വന്നപ്പോൾ എൽ.ഡി.എഫിന് ഒരു ബൂത്തിൽ മാത്രമേ കരുത്തുകാട്ടാനായുള്ളൂ.
ഇടത് ഭരിക്കുന്ന ഭരണിക്കാവും യു.ഡി.എഫിന്റെ കൃഷ്ണപുരവും നൽകിയ പിന്തുണയും കെ.സിക്ക് കരുത്തായി. എന്നാൽ, യു.ഡി.എഫ് ഭരിക്കുന്ന കണ്ടല്ലൂരിൽ മൂന്നാം സ്ഥാനത്തേക്ക് കെ.സി പിന്തള്ളപ്പെട്ടു. ഇവിടെ എൻ.ഡി.എയാണ് മുന്നിലെത്തിയത്. 16ൽ എട്ട് ബൂത്തുകളിലാണ് ഇവർ മുന്നേറിയത്. നാലിടത്ത് വീതം യു.ഡി.എഫും എൽ.ഡി.എഫും ഒന്നാമതായി. ഇതോടെപ്പം എൽ.ഡി.എഫ് ഭരിക്കുന്ന ദേവികുളങ്ങരയിലും ചുവപ്പുകോട്ടകളായ പത്തിയൂരും ചെട്ടികുളങ്ങരയും ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതും രാഷ്ട്രീയ ചർച്ചകളിൽ നിറയുകയാണ്.
ഹരിപ്പാട്: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഹരിപ്പാട് മണ്ഡലത്തിൽ നടത്തിയ മുന്നേറ്റത്തിൽ ഇടത്-വലത് മുന്നണികൾ ഞെട്ടി. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിയ ഇടതുമുന്നണിക്കുണ്ടായ നാണക്കേട് ചെറുതല്ല. രമേശ് ചെന്നിത്തല കുത്തകയാക്കിയ മണ്ഡലത്തിന്റെ കോട്ടക്ക് വിള്ളലേൽപിക്കാൻ എൻ.ഡി.എക്ക് ശേഷിയുണ്ടെന്ന തിരിച്ചറിവ് യു.ഡി.എഫ് ക്യാമ്പിനെയും അസ്വസ്ഥമാക്കുന്നു.
ഇടത്-വലത് മുന്നണികൾക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. യു.ഡി.എഫ് അനുകൂല തരംഗം ആഞ്ഞടിച്ചിട്ടും കെ.സി. വേണുഗോപാലിന് 1345 വോട്ടിന്റെ നേരിയ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. 48,466 വോട്ടുകൾ കെ.സി. വേണുഗോപാൽ നേടിയപ്പോൾ 41,721 വോട്ട് നേടി തൊട്ടു പിന്നിലെത്തിയത് ശോഭ സുരേന്ദ്രനായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി ശോഭയേക്കാൾ 5352 വോട്ടുകൾക്ക് പിന്നിൽ പോയി.
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പള്ളിപ്പാട് പഞ്ചായത്തുകളിൽ യു.ഡി.എഫും ചെറുതനയിൽ എൽ.ഡി.എഫും മുൻതൂക്കം തേടിയപ്പോൾ മണ്ഡലത്തിലെ ഹരിപ്പാട് നഗരസഭയിലും കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കുമാരപുരം, കരുവാറ്റ, ചേപ്പാട് പഞ്ചായത്തുകളിലും ശോഭ സുരേന്ദ്രൻ ഒന്നാമതെത്തി. പിന്നിലായ പഞ്ചായത്തുകളിലും എൻ.ഡി.എയുടെ ശക്തമായ സാന്നിധ്യം പ്രകടമാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ ഒന്നാം സ്ഥാനവും മൂന്നിടങ്ങളിൽ രണ്ടാം സ്ഥാനവും നേടി. തൃക്കുന്നപ്പുഴ പഞ്ചായത്തിലും എൻ.ഡി.എ ശക്തമായ പ്രകടനം കാഴ്ചവെച്ചെങ്കിലും യു.ഡി.എഫ് മേൽക്കൈ നേടി. ഹരിപ്പാട് നഗരസഭയിലെ 21 ബൂത്തുകളിൽ 16 ബൂത്തിലാണ് എൻ.ഡി.എ മുന്നിലെത്തിയത്. കാർത്തികപ്പള്ളിയിൽ 767 വോട്ടും മുതുകുളത്ത് 712 വോട്ടും രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിനേക്കാൾ കൂടുതൽ നേടാനായി.
ചേപ്പാട് 467 വോട്ടും ചിങ്ങോലിയിൽ 170 വോട്ടും കൂടുതൽ നേടി. ഒരു ഗ്രാമപഞ്ചായത്തംഗം പോലുമില്ലാത്ത ചിങ്ങോലിയിലും ചേപ്പാടും എൻ.ഡി.എ നടത്തിയ മുന്നേറ്റം ഇടതു-വലതു മുന്നണികളുടെ കണക്കുകൂട്ടലെല്ലാം തെറ്റിക്കുന്നതായിരുന്നു.
ഇരുമുന്നണികളുടെയും സംഘടന സംവിധാനത്തിന്റെ പാളിച്ചകൂടിയാണ് തെരഞ്ഞെടുപ്പുഫലം വിളിച്ചോതുന്നത്. എൻ.ഡി.എ മുന്നേറ്റം കൂടുതൽ പരിക്കേൽപിച്ചത് ഇടതുമുന്നണിയുടെ വോട്ട് ബാങ്കുകളെയാണ്.
എസ്.എൻ.ഡി.പി യൂനിയന്റെ പരോക്ഷ പിന്തുണയും ശോഭ സുരേന്ദ്രന് ഗുണമായി. മുസ്ലിം വോട്ടുകൾ ഗണ്യഭാഗവും വീണത് കെ.സി. വേണുഗോപാലിന്റെ പെട്ടിയിലും. ധീവര സമുദായത്തിന്റെ വോട്ടുകളും ശോഭ സുരേന്ദ്രന് കുറവല്ലാത്ത തരത്തിൽ ലഭിച്ചിട്ടുണ്ട്. എൻ.ഡി.എ നടത്തിയ അമ്പരപ്പിക്കുന്ന മുന്നേറ്റം രമേശ് ചെന്നിത്തലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
തയാറാക്കിയത്; ഹരികൃഷ്ണൻ ഓടനാവട്ടം, അശ്വിൻ പഞ്ചാക്ഷരി, വാഹിദ് കറ്റാനം, ഷമീർ ആറാട്ടുപുഴ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.