കായംകുളം: ഓണാട്ടുകരയുടെ തനത് പാരമ്പര്യരീതിയിൽ തയാറാക്കിയ ഉരുക്കുവെളിച്ചെണ്ണയിൽ വിജയഗാഥയുമായി കുടുംബശ്രീ യൂനിറ്റ്. ദേവികുളങ്ങര വടക്കേ ആഞ്ഞിലിമൂടിനുസമീപം പ്രവർത്തിക്കുന്ന മഹാലക്ഷ്മി കുടുംബശ്രീ യൂനിറ്റാണ് തേങ്ങാപ്പാലിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഉരുക്കുവെളിച്ചെണ്ണയുമായി വിപണിയിൽ ശ്രദ്ധ നേടുന്നത്.
ചെറിയൊരു ഉരുളിയും ചട്ടുകവും കൈമുതലായി തുടങ്ങിയ വനിതാസംരംഭം ജില്ലയിലെ മികച്ച വ്യവസായ യൂനിറ്റായി മാറിയ വിജയകഥയാണ് മഹാലക്ഷ്മി യൂനിറ്റിന് പങ്കുവെക്കാനുള്ളത്. ഉരുക്കുവെളിച്ചെണ്ണ കൊച്ചുകുട്ടികളുടെ ചർമ സംരക്ഷണത്തിനടക്കം ഉപയോഗിക്കുന്നു. ഒപ്പം തേങ്ങയിൽനിന്നുള്ള നിരവധി മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാണ്. അഞ്ച് വനിതകളുടെ ഇച്ഛാശക്തിയിൽ വിജയം കൈവരിച്ച സംരംഭമാണിത്.
2017ൽ സുലഭം കുടുംബശ്രീയിൽനിന്നുള്ള പുതുപ്പള്ളി നന്ദനത്തിൽ സലില (51), രാജപ്പ നിവാസിൽ സീന (52), അടിഞ്ഞാറയിൽ സരസ്വതി (63), പ്രണവത്തിൽ രേഖ (48), ജയഭവനത്തിൽ ശോഭന (62) എന്നിവരാണ് പുതുസംരംഭത്തിന് രംഗത്തിറങ്ങുന്നത്. ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും സി.ഡി.എസ് ചെയർപേഴ്സൻ ഇന്ദിരാഭായിയുടെയും പിന്തുണ കരുത്തായി.
വെളിച്ചെണ്ണ കൂടാതെ ചമ്മന്തിപ്പൊടി, അവലോസ് പൊടി, ലഡു, തീയൽക്കൂട്ട് എന്നിവയും ഉൽപാദിപ്പിക്കുന്നു. ബുക്കിങ് അനുസരിച്ചാണ് നിർമാണം. ഒരു കിലോ ഉരുക്കുവെളിച്ചെണ്ണക്ക് 1600 രൂപയാണ് വില. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്.
പ്രാദേശികമായ വിൽപനകൂടാതെ കുടുംബശ്രീ ചന്തകളിലൂടെയും വിപണന മേളകളിലൂടെയുമാണ് വിറ്റഴിക്കുന്നത്. ഉൽപന്നങ്ങൾക്ക് വിപണിയിൽ പ്രിയം ഏറെയാണെന്ന് പ്രസിഡന്റ് സലിലയും സെക്രട്ടറി സീനയും പറഞ്ഞു. എറണാകുളത്ത് നടന്ന മേളയിൽ ജില്ലയിലെ മികച്ച സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടു മഹാലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.