ആലപ്പുഴ: സൈറൺ മുഴക്കി പാഞ്ഞെത്തിയ ആംബുലൻസ് കടപ്പുറം വനിത-ശിശു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ കേട്ടത് അത്യാസന്നനിലയിലായ യുവതിയുടെ നിലവിളിയാണ്. ഒപ്പമുണ്ടായിരുന്നയാൾ ഭാര്യയെ രക്ഷിക്കണമെന്ന് പറഞ്ഞ് ആക്രമാസക്തമായതോടെ കാര്യങ്ങൾ കൈവിട്ടു. പരിശോധിക്കാനെത്തിയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേരെ തിരിഞ്ഞതോടെ ബഹളം നേരിയ സംഘർത്തിന് വഴിതെളിച്ചു.
പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതുവരെ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാര്യമെന്താണെന്ന് മനസ്സിലായില്ല. ആശുപത്രി ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പരിശീലനത്തിന്റെയും അവബോധത്തിന്റെയും ഭാഗമായി ഒരുക്കിയ കോഡ് ഗ്രേ ‘മോക്ക്ഡ്രിൽ’ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ പലരുടെയും മുഖത്ത് ചിരിപടർന്നു. വെള്ളിയാഴ്ച രാവിലെ 11.06നാണ് അത്യാഹിത വിഭാഗത്തിലേക്ക് യുവതിയെ എത്തിച്ചത്. ശ്വാസംകിട്ടാതെ പിടയുന്ന യുവതിയെ പരിശോധന മുറിയിലേക്ക് കയറ്റിയതോടെയാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്.
ബഹളംവെച്ച ഭർത്താവ് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഡോക്ടർമാരോടും ജീവനക്കാരോടും കയർത്ത് സംസാരിച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് കൂട്ടിരിപ്പുകാരും രോഗികളും ഞെട്ടിയത്. പിടിവലിയും ഉന്തുംതള്ളുമായി അതിക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയെങ്കിലും വഴങ്ങിയില്ല. ഇതിനിടെ കസേരയെടുത്ത് അക്രമിക്കാനും മുതിർന്നു.
സൗത്ത് എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ പൊലീസെത്തി ബലംപ്രയോഗിച്ച് യുവാവിനെ ജീപ്പിൽകയറ്റി കൊണ്ടുപോയി. അപ്രതീക്ഷിത സംഭവത്തിന്റെ നേർക്കാഴ്ച ചിലർ മൊബൈലിലും പകർത്തുന്നുണ്ടായിരുന്നു. രോഗിയായും ഭർത്താവായും അഭിനയിച്ചത് ഇതേആശുപത്രിയിലെ ജീവനക്കാരായ ബിന്ദുമോളും സഫീറുമായിരുന്നു.സുരക്ഷ സംവിധാനങ്ങളുടെ ദൗർബല്യങ്ങൾക്കിടെ ജീവൻപൊലിഞ്ഞ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനദാസിന് നേരിടേണ്ടിവന്ന അതിക്രമം ഏങ്ങനെ തടയാമെന്ന അവബോധംകൂടിയായിരുന്നു പരിപാടി.
അപ്രതീക്ഷിത അതിക്രമുണ്ടായപ്പോൾ ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ‘കോഡ് ഗ്രേ’ സംവിധാനത്തിലൂടെ മുന്നറിയിപ്പും നൽകി. ജില്ല മെഡിക്കൽ ഓഫിസിന്റെയും ജില്ല പൊലീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ആദ്യ മോക്ഡ്രില്ലായിരുന്നു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി രവി സന്തോഷ്, ജെ. അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. അനന്ത്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്. ശ്യാമമോൾ, നഴ്സിങ് സൂപ്രണ്ട് കെ.പി. ബീന, സ്പെഷൽ ബ്രാഞ്ച് എസ്.ഐമാരായ ജോസ്, വി. പ്രതാപൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ജെ. വരുൺകുമാർ, ജെ.സി. വിനു, ആർ. സുർജിത്, സിവിൽ പൊലീസ് ഓഫിസർ യു. അർജുൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.