മാരാരിക്കുളം: ഓമനപ്പുഴയുടെ ഓമനകൾക്ക് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഓമനപ്പുഴ ഓടാപ്പൊഴിയിൽ വീണ് മരിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയെൻറ മക്കളായ അഭിജിത്(11), അനഘ (10) എന്നിവരുടെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11നാണ് നടന്നത്.
കുവൈത്തിൽ നഴ്സായിരുന്ന മാതാവ് മേരി ഷൈൻ നാട്ടിലെത്താൻ വൈകിയതിനാലാണ് സംസ്കാരം നീണ്ടത്. സാങ്കേതിക തടസ്സങ്ങൾ കാരണം യാത്ര വൈകിയതോടെ ഇന്ത്യൻ സ്ഥാനപതി മുഖാന്തരം നടത്തിയ ഇടപെടലുകളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചയാണ് മേരി ഷൈൻ നെടുമ്പാശ്ശേരിയിൽ എത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെ കുട്ടികൾ പഠിച്ചിരുന്ന ചെട്ടികാട് ഗവ.സ്കൂളിൽ എത്തിച്ചു. അധ്യാപകരും സഹപാഠികളും അന്തിമോപചാരം അർപ്പിച്ചു. തുടർന്നാണ് വീട്ടിൽ പൊതുദർശനത്തിനുെവച്ചത്. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അലറിക്കരഞ്ഞ മേരി ഷൈനിനും പിതാവ് നെപ്പോളിയനുമൊപ്പം നാട്ടുകാരും വിങ്ങിപ്പൊട്ടി. മരിച്ച കുട്ടികളുടെ മൂത്ത സഹോദരൻ അജിത്തിനെ ബന്ധുക്കൾ ചേർന്ന് താങ്ങിയെടുത്തു.
ഓമനപ്പുഴ സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാ.യേശുദാസ് കൊടിവീട്ടിൽ സംസ്കാര ശുശ്രൂഷകൾ നടത്തി. തുടർന്ന് പള്ളിയിലേക്ക് കൊണ്ടുപോയി. ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ പള്ളിയിലെ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് പി.പി. സംഗീത, എം.എ. ബേബി, എ.എ. ഷുക്കൂർ, ബി.ബൈജു തുടങ്ങിയവരും വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.