ആലപ്പുഴ: നഗരത്തിലെ ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ തൊഴിലും വരുമാനവും സമൂഹ പദവിയും ഉയര്‍ത്തുന്നതിന് ഓരോ പദ്ധതിയിലും മുന്‍ഗണന നല്‍കി നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അവതരിപ്പിച്ചു. ആരോഗ്യത്തിനും ശുചിത്വത്തിനും ഊന്നല്‍ നല്‍കിയും മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 256,51,24,224 രൂപ വരവും 253,32,11,976 രൂപ ചെലവും 3,19,12,248 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചെയര്‍പേഴ്‌സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു.
എല്ലാവർക്കും കുടിവെള്ളം എന്ന പദ്ധതിയിൽ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ, മുഴുവൻ സ്കൂളുകളിലും വാട്ടർ കിയോസ്കുകൾ, പഴക്കംചെന്ന 30 കി.മീ. പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കൽ, തലവടി, കരുമാടി എന്നിവിടങ്ങളിൽ സ്റ്റാൻഡ് ബൈ മോട്ടോറുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. വനിതകൾക്കായി 100 ഷീ ഇ-ഓട്ടോകൾ, വിധവകൾക്കും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കും സ്വയം തൊഴിൽ അവസരങ്ങൾ, വനിത വ്യായാമ സെന്‍റർ, സ്വയം തൊഴിൽ പരിശീലന കേന്ദ്രം, പാഡ്-ഡയപ്പർ ഇൻസിനറേറ്റർ എന്നിങ്ങനെ പദ്ധതികളും പ്രഖ്യാപിച്ചു.
പാർപ്പിട പദ്ധതി, പാടശേഖരങ്ങൾക്ക് ശാസ്ത്രീയ കൃഷിമാർഗങ്ങൾ ഉറപ്പാക്കുന്ന പദ്ധതി, സൗജന്യ വിത്തും വളവും പുറംബണ്ട് നിർമാണം, തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കാനുള്ള പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികളുണ്ട്.
പ്രതിപക്ഷ നേതാവ് റീഗോ രാജു, കക്ഷി നേതാക്കളായ എം.ആര്‍. പ്രേം, ഡി.പി. മധു, പി. രതീഷ്, നസീര്‍ പുന്നയ്ക്കല്‍, ബിന്ദു തോമസ്, സതീദേവി, സലീം മുല്ലാത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബീന രമേശ്, കെ. ബാബു, എ. ഷാനവാസ്, ആര്‍. വിനീത, ബിന്ദു തോമസ്, കൗണ്‍സിലര്‍മാരായ കെ.കെ. ജയമ്മ, ബി. നസീര്‍, ആര്‍. രമേശ്, എല്‍ജിന്‍ റിച്ചാര്‍ഡ്, റഹിയാനത്ത്, ക്ലാരമ്മ പീറ്റര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
പ്രധാന നിർദേശങ്ങളും വകയിരുത്തിയ തുകയും
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി സൗജന്യ കുടിവെള്ള കണക്ഷൻ അടക്കം എല്ലാവർക്കും കുടിവെള്ളം പദ്ധതി -41 കോടി
അഞ്ചുവർഷംകൊണ്ട് നഗരത്തിലെ സാധ്യമായ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും സബ്സിഡിയോടെ സോളാർ പാനൽ നൽകി സമ്പൂർണ സൗരോർജ നഗരം പദ്ധതി -5 കോടി
പ്രധാന നിരത്തുകളുടെ പുനർനിർമാണം -30 കോടി
കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൗസ് ബോട്ടുകളിലെ സെപ്റ്റേജ് മാലിന്യ സംസ്കരണത്തിന് വിപുല സംവിധാനം -3 കോടി
ജനറൽ ആശുപത്രിയിൽ എസ്.ടി.പി (3 കോടി)
നഗരത്തിലെ ശൗചാലയ മാലിന്യ സംസ്കരണത്തിന് മൊബൈൽ യൂനിറ്റുകളടക്കമുള്ള സംവിധാനം -6.25 കോടി
ആധുനിക മത്സ്യ മാർക്കറ്റ് -3 കോടി
പുതിയ ആധുനിക അറവുശാല -2 കോടി
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ വെന്‍റിങ് മാർക്കറ്റ് -2 കോടി
അഴകോടെ ആലപ്പുഴ പദ്ധതിയിൽ മുല്ലക്കൽ തെരുവ് പൗരാണിക തെരുവാക്കി മാറ്റൽ -50 ലക്ഷം
ആലപ്പി സൂപ്പർ ലീഗ് കായിക മത്സരങ്ങൾ (ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ, ഹോക്കി ഇനങ്ങളിൽ പ്രൈസ് മണി ടൂർണമെന്‍റ് - നഗരസഭതല ടീം -5 ലക്ഷം
യൂത്ത് ഹോസ്റ്റൽ -ഒരുകോടി
ശതാബ്ദി മന്ദിരം നിർമാണ പൂർത്തീകരണം -2 കോടി
അംഗൻവാടികൾക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിനും ഭൂമിയുള്ളവർക്ക് കെട്ടിടം പണിയുന്നതിനും കളി ഉപകരണങ്ങൾ വാങ്ങുന്നതിനും ഒരുകോടി
നഗരത്തിന്‍റെ സമഗ്രവിവര ശേഖരണത്തിന് ജി.ഐ.എസ് മാപ്പിങ് -10 ലക്ഷം
നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം -10 ലക്ഷം
ജനറൽ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂനിറ്റുകളും നഗരത്തിൽ പുതിയ പ്രാഥമികാരോഗ്യ കേന്ദ്രവും സ്ഥാപിക്കും. ജീവിതശൈലീ രോഗനിയന്ത്രണത്തിന് പ്രത്യേക സംവിധാനവും വയോക്ലബുകളും സ്ഥാപിക്കും. നഗരവാസികളിൽ മാനസിക സമ്മർദം കുറക്കാനും കൗൺസലിങ്ങിനും പരിശീലനത്തിനുമായി ഹാപ്പിനെസ് ഡിപ്പാർട്മെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.