ഹരിപ്പാട്: ചികിത്സക്കിടെ ആശുപത്രിയിലെ കണ്ണ് പരിശോധകൻ 14 വയസ്സുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോക്സോ കേസെടുത്ത സംഭവത്തിൽ ദുരൂഹതയെന്ന് ആക്ഷേപം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപ്ടോമെട്രിസ്റ്റ് അബ്ദുൽ റഫീഖിനെയാണ് (48) അറസ്റ്റ് ചെയ്തത്. കണ്ണ് പരിശോധന സമയത്ത് ദേഷ്യഭാവത്തിൽ പരിശോധകൻ ഇടപെട്ടതാണ് ഇത്തരത്തിൽ മൊഴി നൽകാൻ കാരണമായതെന്നാണ് സൂചന.
കണ്ണട ധരിക്കാൻ പെൺകുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരുമാസം മുമ്പ് ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തിയപ്പോൾ കണ്ണിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നും കണ്ണടയുടെ ആവശ്യമില്ലെന്നും പറഞ്ഞ് അബ്ദുൽ റഫീഖ് പെൺകുട്ടിയെ തിരിച്ചയച്ചിരുന്നു. കഴിഞ്ഞദിവസം വീണ്ടും ചികിത്സ തേടിയെത്തിയ പെൺകുട്ടി കണ്ണടയുടെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചപ്പോൾ ദേഷ്യഭാവത്തിൽ സംസാരിച്ചിരുന്നു. ഈ വിരോധമാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ ഇടയാക്കിയതെന്നാണ് പറയുന്നത്. പിന്നീട് പെൺകുട്ടി നൽകിയ രഹസ്യമൊഴിയിൽ ഇത് സമ്മതിക്കുന്നുണ്ടെന്ന് പൊലീസിന്റെ രേഖകളിലും വ്യക്തമായിരുന്നു.
തൊഴിലിടങ്ങളിൽ മാന്യമായി പെരുമാറുന്നയാളാണെന്നും ഇതുവരെ മോശമായ ഒരു അഭിപ്രായവും ഉണ്ടായിട്ടില്ലെന്നും സഹപ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിൽ നിഷ്പക്ഷ അന്വേഷണം ഉണ്ടാകണമെന്നാണ് ആവശ്യം.പോക്സോ ദുരുപയോഗം വ്യാപകമാണെന്ന കോടതി നിരീക്ഷണം പോലും മുഖവിലക്കെടുക്കാതെ അസാധാരണ തിടുക്കമാണ് പൊലീസ് കാട്ടിയതെന്ന് ബന്ധുക്കളും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.