ആലപ്പുഴ: ദേശീയപാത വികസനത്തിന് കെട്ടിടങ്ങൾ ഏറ്റെടുത്തെങ്കിലും വ്യാപാരികളുടെ നഷ്ടപരിഹാരത്തുക വിതരണം വൈകുന്നു. പറവൂര്‍ മുതല്‍ കൊറ്റുകുളങ്ങരവരെ 1160 വ്യാപാരികള്‍ക്ക് മാത്രം 8.58 കോടിയാണ് നൽകാനുള്ളത്. തുറവൂര്‍ മുതല്‍ ഓച്ചിറവരെ ആറുവരിപ്പാതയാക്കാന്‍ 106 ഹെക്ടർ ഏറ്റെടുത്തിട്ടുണ്ട്. ഇവിടുത്തെ 4000ത്തിലധികം കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം ഇനിയും നല്‍കാനുണ്ട്. മൂന്ന് റീച്ചിലായിട്ടാണ് സ്ഥലവും കെട്ടിടവും ഏറ്റെടുത്തത്. ഇതിനിടെ ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികള്‍ മുറി ഒഴിയാത്തതിനാൽ നഷ്ടപരിഹാരം കൈമാറിയ കെട്ടിടങ്ങളും പൊളിച്ചുനീക്കാനാകാതെ കരാറുകാരും വലയുകയാണ്. പറവൂര്‍ മുതല്‍ കൊറ്റുകുളങ്ങരവരെയുള്ള ഭാഗത്തെ മണ്ണുപരിശോധന ആരംഭിച്ചിട്ടുണ്ട്.
ഹരിപ്പാട്, ചേപ്പാട്, കാര്‍ത്തികപ്പള്ളി ഭാഗങ്ങളിലാണ് പരിശോധന തുടങ്ങിയത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ഹൈകോടതി വിധിയുണ്ടായിട്ടും ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടത്തിന്റെ വിലയുടെ ആറുശതമാനം തടഞ്ഞുവെച്ചത് വിതരണം ചെയ്തിട്ടില്ല. തുക തടഞ്ഞുവെക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും ഇത് വിതരണം ചെയ്യണമെന്നും ദേശീയപാത അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ, കേരളത്തില്‍ ഇത് നടപ്പാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപ ഇതേരീതിയില്‍ നൽകേണ്ടി വരുമെന്നതിനാൽ നിർദേശം നടപ്പായില്ലെന്നും പരാതിയുണ്ട്.
നിലവിലെ കെട്ടിടത്തിന്റെ പൂര്‍ണ വിലയാണ് ഉടമകള്‍ക്ക് നല്‍കുന്നത്. കെട്ടിടം പൊളിച്ചുമാറ്റാന്‍ കരാര്‍ നല്‍കിയശേഷം വിലപിടിപ്പുള്ള കട്ടള, ജനലുകള്‍ എന്നിവയൊക്കെ ഉടമകള്‍ എടുക്കുന്നത് തടയാനാണ് ആറുശതമാനം തുക കുറച്ചതെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം.
ആദ്യഘട്ടമായി കൊറ്റുകുളങ്ങര കാവനാട് റീച്ചില്‍ ഓച്ചിറവരെയും രണ്ടാംഘട്ടത്തില്‍ തുറവൂര്‍ മുതല്‍ പറവൂര്‍വരെ റീച്ചിലെയും വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരത്തുക നേരത്തേ വിതരണം ചെയ്തിരുന്നു. ശേഷിക്കുന്ന മൂന്നാം റീച്ചിലെ വ്യാപാരികള്‍ക്ക് തുക വിതരണം ചെയ്യാത്തതിനാല്‍ കടമുറി ഒഴിഞ്ഞുകൊടുക്കാന്‍ തയാറാകുന്നില്ല. ഇത് തുടർപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തുക അക്കൗണ്ടില്‍ എത്തുമെന്നാണ് ദേശീയപാത അധികൃതരുടെ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.