അരൂർ: വാട്ടർ മെട്രോ അരൂർ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി മേഖലയിലെ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്.ആദ്യഘട്ടത്തിൽ ഹൈകോടതി -വൈപ്പിൻ, വൈറ്റില -കാക്കനാട് റൂട്ടുകളിലാണ് സർവിസ് തുടങ്ങിയിട്ടുള്ളത്. അടുത്തഘട്ടത്തിൽ മറ്റു ദ്വീപുകളിലേക്കും സർവിസ് വികസിപ്പിക്കാൻ ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
അരൂരിനോട് അടുത്തുകിടക്കുന്ന ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ എന്നീ സ്ഥലങ്ങളിൽ വാട്ടർ മെട്രോ ബോട്ടുകൾ അടുക്കുന്നതിന് ജെട്ടികൾ നിർമിക്കാൻ സ്ഥലം റവന്യൂ അധികൃതർ എടുത്തിട്ടിട്ടുണ്ട്. അധികം താമസമില്ലാതെ ഇവിടെ ബോട്ടുകൾ എത്തിത്തുടങ്ങും.
അരൂരിൽനിന്ന് കേവലം 500 മീറ്റർ അകലെയുള്ള ഇടക്കൊച്ചിയിൽ പോലും വാട്ടർ മെട്രോ ബോട്ടുകൾ അടുക്കുമ്പോൾ സജ്ജമായി കിടക്കുന്ന അരൂക്കുറ്റി ജെട്ടിയിൽ ബോട്ടുകൾ അടുക്കുന്നതിന് ഇനിയും കാലതാമസം ഉണ്ടാകരുതെന്നാണ് നാടിന്റെ അഭ്യർഥന. വൈക്കം- എറണാകുളം സർവിസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് വേഗ ബോട്ട് അടുക്കുന്നതിന് അരൂക്കുറ്റി ജെട്ടിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് കായലിന് ആഴം കൂട്ടുന്ന ജോലികൾ നടത്തിയതാണ്. എന്നിട്ട് ഒരുതവണ പോലും വേഗ ബോട്ട് ഇവിടെ എത്തിയില്ല.
വാട്ടർ മെട്രോക്ക് എറണാകുളം ജില്ലയിൽ മാത്രമാണ് സർവിസ് നടത്തുന്നതിന് പദ്ധതി ഉള്ളതെങ്കിലും യാത്രാ ക്ലേശം രൂക്ഷമായ അരൂർ മേഖലയിലെ അരൂക്കുറ്റി ജെട്ടിയെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജീവൻ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുയർത്തി എറണാകുളം വാട്ടർ മെട്രോ ഓഫിസിലേക്ക് ബോട്ട് യാത്ര നടത്തി നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമാണം ആരംഭിച്ചപ്പോൾതന്നെ ഗതാഗതം പഴയ നിലയിൽ സുഗമമായി നടക്കുന്നില്ല. നിർമാണം പുരോഗമിക്കുന്ന വരുംനാളുകളിൽ ഗതാഗത സ്തംഭനത്തിനാണ് സാധ്യത. അരൂർ മേഖലയിൽ മുഴുവൻ പഞ്ചായത്തുകളും കായലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.വാട്ടർ മെട്രോയുടെ ബോട്ടുജെട്ടികൾ അരൂർ മേഖലയിൽ നിന്നെത്തുന്ന ബോട്ടുകൾ കൂടി അടുക്കുന്നതിന് സൗകര്യമുണ്ടാക്കിയാൽ സർവിസ് ആരംഭിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.