ആലപ്പുഴ: നെഹ്റു ട്രോഫിയിൽ അഞ്ചുതവണ മുത്തമിട്ട ജവഹർ തായങ്കരി ജലോത്സവത്തിലെ നിത്യഹരിത നായകനാണ്. വള്ളംകളി പോരാട്ടത്തിൽ 50 വർഷം തികച്ചതിന്റെ ആഘോഷത്തിമിർപ്പിലാണ് ഇക്കുറി പുന്നമടയിൽ പോരിനിറങ്ങുന്നത്. പ്രമോദ് എച്ച്. ഉണ്ണി ക്യാപ്റ്റനായുള്ള കൊടുപ്പുന്ന ബോട്ട് ക്ലബാണ് ഇക്കുറി തുഴയെറിയുന്നത്.
1977, 1978, 1985, 2010, 2015 വർഷങ്ങളിലാണ് നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്. വേമ്പനാട് ബോട്ട് ക്ലബിന്റെ കൈക്കരുത്തിലായിരുന്നു അവസാന നേട്ടം. കോയിൽമുക്ക് നാരായണൻ ആശാരിയുടെ ചരിത്രമുള്ള, നിലവിൽ മത്സരത്തിൽ പങ്കെടുക്കുന്ന ഏക പഴയവള്ളം കൂടിയാണിത്.
അമ്പത്തിയൊന്നേകാൽ കോൽ നീളവും 51 അംഗുലം വീതിയും 81 തുഴച്ചിലുകാരും അഞ്ച് അമരക്കാരും ഏഴ് നിലക്കാരുമുണ്ട്. 205 ഷെയർ ഉടമകളുടെ നിയന്ത്രണത്തിലാണ് വള്ളം. ജവഹർ തായങ്കരിക്ക് ‘വെള്ളിക്കൂമ്പൻ’ എന്ന വിളിപ്പേരുകൂടിയുണ്ട്.
1973 ജൂലൈ 30നാണ് ജലഹർ തായങ്കരി നീറ്റിലിറക്കിയത്. ജവഹർലാൽ നെഹ്റുവിനോടുള്ള ആദരസൂചകമായിട്ടാണ് ‘ജവഹർ തായങ്കരി’ എന്നപേരിട്ടത്. നീറ്റിലിറക്കിയപ്പോഴും 50 വർഷം പൂർത്തിയാക്കിയതിന്റെ ജന്മദിനവും തായങ്കരിക്കാർ ആഘോഷപൂർവമാണ് നടത്തിയത്. നീരേറ്റുപുറം, കോട്ടയം താഴത്തങ്ങാടി ജലോത്സവത്തിൽ ഉൾപ്പെടെ ഹാട്രിക് നേടിയ ചരിത്രവുമുണ്ട്.
കൊല്ലം പ്രസിഡന്റ് ട്രോഫി, കരുവാറ്റ, കായംകുളം, പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി, കല്ലട, കന്നേറ്റി, കവണാറ്റിൻകര, കോട്ടപ്പുറം, വടക്കൻ പറവൂർ, ചമ്പക്കര, ഗോതുരുത്ത് അടക്കമുള്ള ജലോത്സവത്തിൽ ജേതാക്കളാണ്. പ്രായത്തെ വെല്ലുന്ന അനുഭവപരിചയത്തിൽ പുതിയവേഗം കണ്ടെത്താനുള്ള ഒരുക്കത്തിലാണിവർ.
ആലപ്പുഴ: പുന്നമടയിലെ നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക പാക്കേജ്.
വിവിധ ജില്ലകളിലെ വള്ളംകളി പ്രേമികൾക്കായി ബജറ്റ് ടൂറിസം സെല്ലാണ് ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്ര ക്രമീകരിക്കുന്നത്. എല്ലാ 500, 1000 വിഭാഗങ്ങളിലാണ് പ്രവേശനം.
നേരിട്ട് എത്തുന്നവർക്ക് ആലപ്പുഴ ഡിപ്പോയിൽ കൗണ്ടറിന്റെ പ്രവർത്തനം ആരംഭിച്ചു. എല്ലാ വിഭാഗം ടിക്കറ്റുകളും കിട്ടും. 9846475874 നമ്പറിലേക്ക് പേര്, ഏത് വിഭാഗത്തിലെ ടിക്കറ്റ്, എത്രപേര്‍ക്ക് എന്ന വിവരം വാട്സ്ആപ് സന്ദേശമയച്ച് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭിക്കും. ഇവർക്ക് വള്ളംകളി നടക്കുന്ന ആഗസ്റ്റ് 12ന് ആലപ്പുഴയിലെ കൗണ്ടറിൽനിന്ന് ടിക്കറ്റുകൾ സ്വന്തമാക്കാം.
ജില്ലയിലെ ഏഴ് ഡിപ്പോകളില്‍നിന്ന് വളളംകളിയുടെ ടിക്കറ്റ് വില്പനയും ചാര്‍ട്ടേഡ് ബസ് സംവിധാനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.