ആലപ്പുഴ: ആഗസ്റ്റ് 10ന് നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന നെഹ്റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി യോഗം തീരുമാനിച്ചു.
നെഹ്റുപവലിയന്റെ ചോർച്ച മാറ്റാൻ വേണ്ടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനും അനുമതിനൽകി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നെഹ്റുട്രോഫിയുടെ പന്തലിന്റെ കാൽനാട്ടുകർമ്മം ജൂലൈ എട്ടിന് രാവിലെ ഒമ്പതിന് പുന്നമട ഫിനിഷിങ് പോയന്റിൽ കലക്ടർ അലക്സ് വർഗീസ് നിർവഹിക്കും.
ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്സിൽ 300 രൂപക്ക് ടിക്കറ്റ് നൽകാനും അവിടെ പ്രത്യേക ഇരിപ്പിടവും യാത്രാസംവിധാനവും ഏർപ്പെടുത്തും.
കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ സബ് കലക്ടറുടെ കാര്യാലയത്തിൽ ജൂലൈ 10 മുതൽ 20 വരെ നടക്കും. ക്യാപ്റ്റൻസ് ക്ലിനിക് ജൂലൈ 26ന് രാവിലെ ഒമ്പതിന് ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നടക്കും. യോഗത്തിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും കലക്ടറുമായ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയും സബ്കലക്ടറുമായ സമീർ കിഷൻ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി. സജീവ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.