ആലപ്പുഴ: കാലാവസ്ഥ മാറ്റത്തിലും മഹാവ്യാധിയിലും തുടർച്ചയായി രണ്ടുവർഷം മുടങ്ങിയ സാഹചര്യത്തിൽ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ നവംബറിലേക്ക് മാറ്റുന്നത് ആലോചനയിൽ. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് തിരുവോണത്തിന് മുന്നോടിയായി വള്ളംകളി അരങ്ങേറാറുള്ളത്. കോവിഡ് പോലെ രോഗങ്ങളുടെ അപ്രതീക്ഷിത വരവ് കണക്കിലെടുക്കാനാകില്ലെങ്കിലും കാലാവസ്ഥ അനൂകൂലമാകുക ആഗസ്റ്റിലേതിനെക്കാൾ നവംബറിലാകും. ഋതുക്കൾ മാറിമറിയുകയും കാലാവസ്ഥ താളംതെറ്റുകയും പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങൾ പതിവായ സാഹചര്യവുമാണ് മാറ്റം ആലോചനക്കുപിന്നിൽ. ടൂറിസം സീസൺ ആരംഭിച്ച് സഞ്ചാരികളെത്തിത്തുടങ്ങാൻ നവംബർ ആകുമെന്ന കാര്യവും വള്ളംകളി നടത്തിപ്പ് തീയതി മാറ്റം പരിഗണിക്കണമെന്ന നിർദേശത്തിന് പിന്നിലുണ്ടെന്ന് കലക്ടർ എ. അലക്സാണ്ടർ 'മാധ്യമ'ത്തോട് പറഞ്ഞു.
ആഗസ്റ്റിൽ നെഹ്റു ട്രോഫി വള്ളംകളി സംഘടിപ്പിച്ചാൽ ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടി വരുന്ന സാഹചര്യത്തിൽ സാമ്പത്തിക നേട്ടമുണ്ടാകുമോയെന്ന ആശങ്കയും ജലോത്സവം നവംബറിലേക്ക് മാറ്റുന്നതിന് പ്രേരണയാണ്.തീരുമാനമെടുക്കേണ്ടത് നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റിയാണ്. എൻ.ടി.ബി.ആർ സൊസൈറ്റി യോഗം വൈകാതെ വിളിച്ചുചേർത്ത് ചർച്ചചെയ്ത് തീരുമാനമെടുക്കാനാണ് നീക്കം. 2020ൽ കോവിഡിനെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വള്ളംകളി മുടങ്ങി. 2021ലും വള്ളംകളി മുടങ്ങിയ സാഹചര്യത്തിലാണ് 2022ൽ കരുതലെടുത്ത് ടൂറിസം സീസണിന് മുന്നോടിയായി ജലോത്സവം സംഘടിപ്പിക്കാൻ ചർച്ച തുടങ്ങിയത്. രാജ്യാന്തര സാഹചര്യങ്ങൾ അനുകൂലമായാൽ നവംബറോടെ മാത്രമേ കോവിഡ് നിയന്ത്രണങ്ങൾ മാറി വിദേശ വിനോദസഞ്ചാരികൾ സജീവമായി എത്തിത്തുടങ്ങൂ എന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.
തീരുമാനിക്കേണ്ടത് എൻ.ടി.ബി.ആർ സൊസൈറ്റി
ചരിത്രപരമായ പ്രത്യേകതകളൊന്നും നിലവിൽ മത്സരം നടക്കുന്ന ദിവസത്തിന് ഇല്ലാത്തതിനാൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റുന്നതിന് പ്രയാസമില്ലെന്നാണ് അധികൃതരുടെ വാദം. 2018ൽ പ്രളയത്തെത്തുടർന്നു മാറ്റിവെക്കേണ്ടിവന്നു. പ്രളയ രക്ഷാപ്രവർത്തനങ്ങളെല്ലാം അവസാനിച്ച ശേഷം നവംബറിലാണ് അക്കൊല്ലം ജലോത്സവം സംഘടിപ്പിച്ചത്. 2018ൽ തുടങ്ങാനിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരം അക്കൊല്ലം തുടങ്ങാനുമായില്ല. 2019ൽ ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2019ലും പ്രളയം ആവർത്തിച്ചെങ്കിലും നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് അവസാനം നടത്താൻ കഴിഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗിന് അക്കൊല്ലം നെഹ്റു ട്രോഫിയിൽ തുടക്കമായി. വള്ളംകളിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ് (എൻ.ടി.ബി.ആർ). അവർ ഇതുവരെ വിഷയം ചർച്ച ചെയ്തിട്ടില്ല. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ യോഗ്യത മത്സരവും പ്രാഥമിക മത്സരവും നെഹ്റു ട്രോഫിയാണ്. നെഹ്റു ട്രോഫിയുടെ പാരമ്പര്യം നിലനിർത്തി വേണം മറ്റു മത്സരങ്ങൾ സംഘടിപ്പിക്കേണ്ടത്. മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ പരിശീലനത്തിനുള്ള സമയം, കായികതാരങ്ങളുടെയും ക്ലബുകളുടെയും സൗകര്യം, കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.
എല്ലാവരിലുംനിന്ന് അഭിപ്രായം തേടിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് നിലപാട്. നവംബറിൽ നെഹ്റു ട്രോഫി ജലോത്സവം നടത്താൻ ഇപ്പോഴേ തീരുമാനമെടുക്കുന്നത് ബുദ്ധിമോശമാണെന്നും പതിറ്റാണ്ടുകളായി ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്താനായി മുന്നോട്ടുപോകുകയും ആസമയത്ത് ബുദ്ധിമുട്ടുണ്ടായാൽ മാത്രം മാറ്റിവെക്കുന്നതുമാണ് ഉചിതമെന്ന വാദവുമുണ്ട്.
മാറുമോ ആഗസ്റ്റിലെ രണ്ടാം ശനി
തിരു-കൊച്ചി സന്ദർശിക്കാനെത്തിയപ്പോൾ 1952 ഡിസംബർ 22ന് കോട്ടയത്തുനിന്ന് ബോട്ടിൽ ആലപ്പുഴയിലെത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ സ്വീകരിക്കാൻ സംഘടിപ്പിച്ച വള്ളംകളിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ നെഹ്റു ട്രോഫി ജലോത്സവം. ചരിത്രത്തിലാദ്യമായി ട്രാക്ക് നിശ്ചയിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ജലോത്സവമായിരുന്നു അത്. ഒമ്പത് ചുണ്ടൻവള്ളങ്ങൾ പങ്കെടുത്ത മത്സരത്തിൽ നടുഭാഗം ചുണ്ടൻ വിജയിയായി. ആഹ്ലാദവാനായി തിരികെപ്പോയ നെഹ്റു സ്വന്തം കൈയൊപ്പോടെ ട്രോഫി തയാറാക്കി കൊല്ലം പേഷ്കാറായിരുന്ന എൻ.പി. ചെല്ലപ്പൻ നായർക്ക് അയച്ചുകൊടുത്തു. തൊട്ടടുത്തവർഷം വള്ളംകളിയുണ്ടായില്ല. എന്നാൽ, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കുട്ടനാടൻ ചുണ്ടൻവള്ളങ്ങൾ പങ്കാളികളായി. ആലപ്പുഴ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു.
തൊട്ടടുത്തവർഷം കൊല്ലം കലക്ടർ സംഘാടക സമിതി രൂപവത്കരിച്ച്, വട്ടക്കായലിൽ വള്ളംകളി നടത്തി. നെഹ്റു സമ്മാനിച്ച 'പ്രൈം മിനിസ്റ്റേഴ്സ്' ട്രോഫി ജേതാക്കൾക്ക് സമ്മാനിച്ചു. മത്സരത്തിനു വട്ടക്കായൽ യോജിച്ചതല്ലെന്ന് കണ്ടതിനെ തുടർന്ന് 1955 മുതൽ മത്സരം പുന്നമട കായലിലേക്ക് മാറ്റി. ഓണക്കാലം, അവധി ദിനം, കാലവർഷത്തിന്റെ അവസാനം, കൃഷിയില്ലാതെ കുട്ടനാട്ടിലെ കർഷകർക്ക് വിനോദത്തിന് ചെലവഴിക്കാൻ പറ്റിയ കാലം തുടങ്ങിയ പല കാരണങ്ങൾ പരിഗണിച്ചാണ് ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പതിവായി നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനിച്ചത്. തുടക്കം മുതൽ ഈ ദിവസമായതിനാൽ രാജ്യാന്തര ടൂറിസം കലണ്ടറുകളിൽപ്പോലും ഇടംനേടിയിട്ടുണ്ട്.
പ്രതികൂല കാലവസ്ഥ കാരണം മൂന്നുവർഷമായി വള്ളംകളി മത്സരം മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. വള്ളംകളി നടക്കേണ്ടതിന്റെ തലേദിവസം മത്സരം മാറ്റിവെക്കുമ്പോൾ ഇരട്ടി സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. നവംബറിലെ കൃത്യമായ ഒരു തീയതി നിശ്ചയിച്ച് നടത്തുന്നത് നന്നാകും. നവംബർ 14 നെഹ്റുവിന്റെ ജന്മദിനത്തിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അതല്ലെങ്കിൽ നവംബറിലെ രണ്ടാം ശനി ഉറപ്പിക്കണം. അതിനനുസരിച്ച് പരിശീലനത്തിനും മറ്റും മുൻകൂട്ടി തയാറെടുക്കാൻ കഴിയും.
പയസ് എബ്രഹാം ( സെക്രട്ടറി സെന്റ് പയസ് ടെൻത് ചുണ്ടൻ വള്ളം)വർഷങ്ങളായി അന്താരാഷ്ട്ര തലത്തിലെ ടൂറിസം ഭൂപടത്തിൽ പതിഞ്ഞ ദിവസമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ആഗസ്റ്റിലെ രണ്ടാം ശനി. അത് പെട്ടെന്ന് മാറ്റിയാൽ സഞ്ചാരികൾ അറിയാതെ പോകും. ഇതുവരെ തീയതി മാറ്റുന്നതിനെക്കുറിച്ച് തീരുമാനമില്ല. രണ്ടുവർഷമായി നെഹ്റു ട്രോഫിയുടെ ജനറൽ ബോഡി കൂടിയിട്ടില്ല.
കെ.ജി. വിനോദ് ( നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.