ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ബോണസും സമ്മാനത്തുകയും മാസങ്ങൾ പിന്നിട്ടിട്ടും കിട്ടാതെ വന്നതോടെ വിവിധ ക്ലബുകൾ പ്രതിസന്ധിയിൽ. ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 12നാണ് പരമ്പരാഗത രീതയിൽ നെഹ്റു ട്രോഫി വള്ളംകളി നടന്നത്. 19 ചുണ്ടൻവള്ളം ഉൾപ്പെടെ 72 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്ത 65 ക്ലബിനും കളിവള്ളങ്ങൾക്കും ബോണസും സമ്മാനത്തുകയും ഇനിയും നൽകിയിട്ടില്ല. ഇതോടെ വിവിധ ക്ലബുകൾ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലാണ്. വള്ളങ്ങളുടെ അറ്റകുറ്റപ്പണിയും ടീം രൂപവത്കരിച്ച് വള്ളംകളിയിൽ പങ്കെടുക്കാൻ കടംവാങ്ങിയാണ് പലരും പണം കണ്ടെത്തിയത്.
തുഴച്ചിലുകാരെ കണ്ടെത്തി പരിശീലനത്തിനും മത്സരത്തിനും ലക്ഷങ്ങളാണ് മുടക്കിയത്. ബോണസും സമ്മാനത്തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സംഘാടകരെ സമീപിച്ചിട്ടും അനൂകൂല നടപടിയുണ്ടായില്ല. തൊട്ടുപിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗ് എത്തിയതോടെ വള്ളങ്ങളും ക്ലബുകാരും അതിന് പിന്നാലെ പാഞ്ഞു. തുക അനിശ്ചിതമായി നീളാൻ പരിഹാരംതേടി ഈമാസം 13ന് കേരള ബോട്ട് ക്ലബ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
കരുവാറ്റയിൽ നടന്ന സി.ബി.എൽ മത്സരത്തിൽ പി.ബി.എസി അംഗങ്ങളെ സാമുഹികവിരുദ്ധർ ക്രൂരമായി ആക്രമിച്ചിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ തുഴച്ചിൽക്കാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും ട്രാക്കിൽ കുഴപ്പം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. പ്രസിഡന്റ് ജയിംസ് കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. എസ്.എം. ഇക്ബാൽ, അജയഘോഷ്, എ.വി. മുരളി, റോബി തോമസ്, കെ.എ. പ്രമോദ്, പി.എസ്. എബ്രഹാം, തങ്കച്ചൻ പാട്ടത്തിൽ, ജിഫി ഫെലിക്സ്, ജോബി വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.