ആലപ്പുഴ: വിനോദസഞ്ചാരികളുമായി വേമ്പനാട്ടുകായലിൽ സവാരിക്കിടെ മുങ്ങിയ ഹൗസ് ബോട്ടിന് ലൈസൻസും ഫിറ്റ്നസും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. താനൂർ ബോട്ട് ദുരിതവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കമീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനന്റെ സാന്നിധ്യത്തിൽ തുറമുഖ വകുപ്പ് ചീഫ് സർവേയർ ക്യാപ്റ്റൻ അലക്സ് ആന്റണി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2019 മേയ് 13ന് ഫിറ്റ്നസും 2021 ജനുവരി 18ന് ലൈസൻസ് കാലാവധിയും തീർന്നത്. ബോട്ട് ഉടമ പുതുക്കാനാവശ്യമായ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് പരിശോധന സംഘം വ്യക്തമാക്കി. അപകടസൂചന നൽകുന്ന വാർട്ടർ, ഫയർ അലറങ്ങൾ പൂർണമായും പ്രവർത്തനരഹിതമായിരുന്നു. എൻജിൻ ഭാഗത്തുകൂടിയാണ് വെള്ളം കയറിയതെന്ന് ബോട്ട് ജീവനക്കാർ പരിശോധന സംഘത്തോട് പറഞ്ഞു. 29ന് വൈകീട്ട് നാലോടെയാണ് ആര്യമോൾ എന്ന ഹൗസ് ബോട്ട് അപകടത്തിൽപെട്ടത്. ക്യാപ്റ്റൻ അലക്സ് ആന്റണി അപകടം നടന്ന സ്ഥലവും സന്ദർശിച്ചു. നോർത്ത് സി.ഐ സുമേഷ്, ടൂറിസം എസ്.ഐ രാജേഷ് എന്നിവരും ഒപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.