ചാരുംമൂട്: പ്രതിസന്ധിയുടെ വെയിൽ പരക്കുന്ന കാലത്ത് പ്രതീക്ഷയുടെ തണലിൽ പച്ചപിടിപ്പിക്കുകയാണ് രാമകൃഷ്ണൻ എന്ന കർഷകൻ. റെഡ് ലേഡി പപ്പായ, വിവിധയിനം പച്ചക്കറികൾ എന്നിവ കോവിഡ് പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ കൃഷി ചെയ്യുകയാണ് ഇദ്ദേഹം. 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ എത്തിയാണ് താമരക്കുളം വേടരപ്ലാവ് ശാന്തിഭവനത്തിൽ രാമകൃഷ്ണൻ പുത്തൻ കൃഷിരീതിയിലൂടെ ശ്രദ്ധേയനാകുന്നത്. സ്റ്റെനോ കുപ്പായം അഴിച്ചുവെച്ച് നാട്ടിലെത്തിയപ്പോൾ രാമകൃഷ്ണന് കൃഷിയിൽ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. റബർ കൃഷിക്കിടയിൽ പൈനാപ്പിൾ കൃഷി ചെയ്ത് വൻ വിജയമായതോടെ ആശങ്കകൾ ഒഴിഞ്ഞ് പൂർണമായും ഇതിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ തേടിവന്നതോടെ തെൻറ കർമമണ്ഡലം കൃഷിയെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു.
ഇന്ന് റെഡ് ലേഡി പപ്പായ കൃഷിയിൽ മുൻനിരയിലാണ് രാമകൃഷ്ണൻ. ആയിരത്തിലധികം റെഡ് ലേഡി പപ്പായയാണ് ശാസ്ത്രീയമായി കൃഷി ചെയ്യുന്നത്. വിപണിയിൽ ഏറെ പ്രിയങ്കരമായ ഈ പപ്പായക്ക് കിലോക്ക് 35-40 രൂപ വരെയാണ് വില. ഒരു മരത്തിൽനിന്ന് 25 മുതൽ 30 കിലോവരെ വിളവെടുക്കാനും ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. വൈറ്റമിൻ എകൊണ്ട് സമൃദ്ധമായ പപ്പായക്ക് ഉള്ളിലെ കടുംചുവപ്പ് നിറമാണ് റെഡ് ലേഡി വിളിപ്പേരിനു കാരണം. തൈകൾ ഉൽപാദിപ്പിച്ച് നൽകുന്നുണ്ട്. ഏഴു മാസംകൊണ്ട് വിളവെടുക്കാൻ കഴിയും.
1008 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള രണ്ട് പോളി ഹൗസിൽ കുക്കുംബർ, പയർ, തക്കാളി തുടങ്ങി നിരവധി പച്ചക്കറികളുടെ ഹൈടെക് കൃഷിയും ചെയ്യുന്നു. രണ്ടായിരത്തിലധികം വാഴകളും തോട്ടത്തിലുണ്ട്. സഹോദരന്മാരുടെയടക്കം 18 ഏക്കറിലധികം ഭൂമിയിലാണ് കൃഷി. 30 പശുക്കളുടെ ഗോശാലയും ആയിരത്തിലധികം കോഴികളുള്ള മുട്ടക്കോഴിഫാമും പ്രവർത്തിക്കുന്നു. റബർ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഗൾഫിൽ 40ലധികം തൊഴിലാളികൾക്ക് ജോലി നൽകിയിരുന്ന രാമകൃഷ്ണൻ 20 പേരുടെ തൊഴിൽ ദാതാവ് കൂടിയാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.