ആലപ്പുഴ: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മുടങ്ങിയ നെഹ്റുട്രോഫി ജലോത്സവം ഇക്കുറി പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങൽ. ഡിസംബറിൽ നെഹ്റു ട്രോഫി ജലോത്സവം നടത്തുന്നത് പരിഗണിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ജലോത്സവം നടത്തുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അനുകൂലിക്കില്ല. ഇതോടെ തുടർച്ചയായി രണ്ടാംവർഷവും നെഹ്റുട്രോഫി ജലോത്സവം മുടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. അതിനിടെ ചാമ്പ്യൻസ് ബോട്ട് ലീഗിെൻറ രണ്ടാം സീസണ് തുടക്കം കുറിച്ച് 2022 ആഗസ്റ്റിൽ നെഹ്റു ട്രോഫി ജലോത്സവം നടത്തുന്നതിന് നീക്കം ടൂറിസം വകുപ്പ് തുടങ്ങി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നെഹ്റു ട്രോഫി ജലോത്സവം ഡിസംബറിൽ നടത്തുന്നത് പരിഗണിക്കുമെന്ന് മൂന്നുമാസം മുമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രഖ്യാപിച്ചത്.
തുടർന്ന് സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടർ റിപ്പോർട്ട് നൽകി. സാഹചര്യങ്ങൾ അനുകൂലമാണെന്നും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജലോത്സവം ഡിസംബർ ആദ്യവാരം നടത്താൻ കഴിയുമെന്നുമായിരുന്നു കലക്ടറുടെ റിപ്പോർട്ട്. ടൂറിസം വകുപ്പിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും പരിശോധനക്ക് നൽകിയ റിപ്പോർട്ടിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. കോവിഡ് സംബന്ധിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഒമിക്രോൺ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലാണ് ദുരന്തനിവാരണ അതോറിറ്റി ജലോത്സവത്തിന് പച്ചക്കൊടി കാണിക്കാത്തതെന്നാണ് സൂചന.
മത്സരാർഥികൾ മാത്രം രണ്ടായിരത്തിലധികം പേർ പങ്കെടുക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ കോവിഡ് നിയന്ത്രണങ്ങൾ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു. എന്നാൽ, ടൂറിസം പുനരുജ്ജീവനത്തിെൻറ വേളയായി ജലോത്സവം സംഘടിപ്പിക്കാമെന്ന ടൂറിസം വകുപ്പിെൻറ ശ്രമം തുടർനടപടികളില്ലാത്തതിനാലാണ് മുടങ്ങിയതെന്ന ആരോപണവും ഉയരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് ജലോത്സവം സംഘടിപ്പിക്കുന്നതിനെപ്പറ്റി ബോട്ടുടമകളുമായോ ക്ലബുകളുമായോ ചർച്ച നടത്താനും വിദഗ്ധരുമായി കൂടിയാലോചന നടത്താനും സർക്കാർ തയാറായില്ല. ഒളിമ്പിക്സ് ഉൾപ്പെടെ കായികമേളകൾ സംഘടിപ്പിക്കപ്പെട്ട മാതൃകയിൽ നെഹ്റു ട്രോഫി ജലോത്സവം നടത്തുന്നതിന് ചർച്ചയിലൂടെ മാർഗം കണാനാകുമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. 2018ൽ പ്രളയത്തെത്തുടർന്ന് ജലോത്സവം മുടങ്ങാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും മൂന്നുമാസത്തിനുശേഷം നവംബറിൽ നടത്തി. 2019ലും സമാന സാഹചര്യമായിരുന്നു. എന്നിട്ടും ആഗസ്റ്റ് അവസാനവാരം ചാംപ്യൻസ് ബോട്ട് ലീഗിന് തുടക്കംകുറിച്ച് നെഹ്റു ട്രോഫി ജലോത്സവം സംഘടിപ്പിച്ചു. 2020ലാണ് സമീപകാലത്ത് ആദ്യമായി നെഹ്റുട്രോഫി ജലോത്സവം മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.