ആലപ്പുഴ: ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കൂടുതൽ പേർ എത്താനിടയുള്ളതിനാൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം അറിയിച്ചു. തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. കടകളിൽ പോകുമ്പോൾ മൂക്കും വായും മൂടും വിധം മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം. കയറുംമുമ്പും ഇറങ്ങിയശേഷവും കൈകൾ അണുമുക്തമാക്കണം.
വൃദ്ധജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ സന്ദർശനങ്ങളൊഴിവാക്കി വീടുകളിൽ സുരക്ഷിതരായിരിക്കുക. ഷോപ്പിങ്ങിന് കഴിവതും ഒരാൾ മാത്രം പോകുക.
തിരക്കുണ്ടെങ്കിൽ കടയുടെ പുറത്ത് ക്ഷമയോടെ കാത്തുനിൽക്കുക. മുൻകൂട്ടി ലിസ്റ്റ് തയാറാക്കി പോകുന്നത് കൂടുതൽ സമയം കടയ്ക്കുള്ളിൽ ചെലവഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. അയൽ വീടുകൾ, ബന്ധുവീടുകൾ, ബീച്ച്, പാർക്ക് തുടങ്ങി പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം.
ഓണവിഭവങ്ങൾ കഴിയുന്നതും വീട്ടിൽതന്നെ ഉണ്ടാക്കാം. ഓണസദ്യക്ക് വീട്ടിലെ അംഗങ്ങൾ മാത്രം മതി. ഓണക്കാലത്ത് സജീവമാകാറുള്ള ക്ലബുകൾ, കൂട്ടം കൂടാനിടയുണ്ടാക്കുന്ന കളികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. പകരം ഓണ്‍ലൈൻ സാധ്യത ഉപയോഗിച്ച് മത്സരങ്ങൾ സംഘടിപ്പിക്കാം. പുതുവസ്ത്രങ്ങൾ വാങ്ങിയ ഉടനെ ധരിക്കരുത്. ഓണസമ്മാനങ്ങളുടെ പാക്കറ്റ് ഉടനെ കൈമാറ്റം ചെയ്യാതെ അണുമുക്തമാക്കുക.
പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ളവർ കടകളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. കടയുടമയും ജീവനക്കാരും രോഗലക്ഷണങ്ങളില്ലാത്തവരാണെ് ഉറപ്പാക്കുക. കടയ്ക്കു പുറത്ത് സോപ്പുപയോഗിച്ച് കൈ കഴുകുന്നതിനോ സാനിറ്റൈസർ ഉപയോഗിക്കാനോ ഉള്ള സൗകര്യം ഉറപ്പാക്കണം.
ജീവനക്കാർ മാസ്ക് ശരിയായ വിധത്തിൽ ധരിക്കേണ്ടതും ആറ് മണിക്കൂർ ഇടവേളയിൽ മാറ്റി ധരിക്കേണ്ടതുമാണ്. കടയുടെ വിസ്താരമനുസരിച്ച് സാമൂഹിക അകലം പാലിക്കാൻ സാധ്യമാകും വിധം മാത്രം ആളുകളെ പ്രവേശിപ്പിക്കുക. ജീവനക്കാർ കൈകൾ ഇടയ്ക്കിടെ അണുമുക്തമാക്കാനും ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.