ആലപ്പുഴ: ജില്ലയിൽ പുഞ്ചക്കൊയ്ത്തും നെല്ല് സംഭരണവും പൂർത്തിയാകുന്നതുവരെ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗതി നിരീക്ഷിക്കാനും നെൽകർഷകരുടെ പ്രശ്നങ്ങൾ അപ്പോൾ തന്നെ തീർപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കാൻ മന്ത്രി പി. പ്രസാദ് നിർദേശം നൽകി.നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയ്ത്ത് കാലയളവിൽ കലക്ടറേറ്റിൽ ഡെപ്യൂട്ടി കലക്ടർക്ക് പുരോഗതി നിരീക്ഷിക്കാനുള്ള പ്രത്യേക ചുമതല നൽകാനും ജില്ല കലക്ടർക്ക് മന്ത്രി നിർദേശം നൽകി. കൊയ്ത്തിന്റെ പുരോഗതി, നെല്ല് സംഭരണം എന്നിവ ഇത്തരത്തിൽ കൃഷി ഉദ്യോഗസ്ഥരും പാഡി ഓഫിസർമാരും ജില്ല ഭരണകൂടവും ചേർന്ന് വിലയിരുത്തും.
കുട്ടനാട്ടിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി. കർഷകരുമായും ചർച്ച നടത്തി. കുട്ടനാട്ടിലെ ഓരോ ബ്ലോക്ക് കേന്ദ്രീകരിച്ചും ഒരുകൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്. കൊയ്ത്ത് സംബന്ധിച്ച് ഇവർ അപ്പപ്പോൾ റിപ്പോർട്ട് തയാറാക്കും. ഏതെല്ലാം മില്ലുകളാണ് അതത് സ്ഥലത്ത് നെല്ല് സംഭരിക്കുന്നത് എന്ന വിവരം കർഷകരെ അറിയിക്കും. കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ പി.ആർ.എസ് കൊടുക്കുന്നതിന് നടപടി സ്വീകരിക്കും. ദിവസവും വൈകീട്ട് ബന്ധപ്പെട്ടവരുടെ യോഗം ഓൺലൈനായി ചേരും. പി.ആർ.എസ് വൈകുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെടും.
കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നുവെന്ന് കർഷകർ എവിടെയെങ്കിലും പരാതി നൽകിയാൽ പാഡി മാർക്കറ്റിങ് ഓഫിസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ അവിടെ ചെന്ന് നേരിട്ട് പരിശോധന നടത്തും. കർഷകർ ആവശ്യപ്പെടുന്നിടത്ത് ശാസ്ത്രീയ പരിശോധന നടത്താനും നിർദേശിച്ചു. മന്ത്രി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കും.
ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച യോഗം ചേരും. കേരള ബാങ്കിന് ശാഖകൾ ഇല്ലാത്ത ഇടങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർഷകരുടെ അടുത്ത് ചെന്ന് സീറോ ബാലൻസ് അക്കൗണ്ട് ചേർത്ത് പ്രശ്നം പരിഹരിക്കും. കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതി വഴി കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലാണ്. കൊയ്ത്തും നെല്ല് സംഭരണവും വേഗത്തിലാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ തോമസ് കെ. തോമസ് എം.എൽ.എ, ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ, കൃഷി അഡീഷനൽ ഡയറക്ടർ ആർ. ശ്രീരേഖ, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. മേഴ്സി, കുട്ടനാട് വികസന സമിതിയുടെ വൈസ് ചെയർമാൻ കെ. ഗോപിനാഥൻ, പാഡി ഓഫിസർ അനിൽ പി. ആന്റോ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.