പൂച്ചാക്കൽ: പാണാവള്ളി പ്രൈമറി ഹെൽത്ത് സെന്‍റർ (പി.എച്ച്.സി) കഴിഞ്ഞ ആഗസ്റ്റിൽ കുടുംബാരോഗ്യകേന്ദ്രമായി (എഫ്.എച്ച്.സി) പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കവാടത്തിലെ ബോർഡിൽ പി.എച്ച്.സി മാറ്റി കുടുംബാരോഗ്യകേന്ദ്രം എന്നാക്കിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും വേണ്ട കെട്ടിടങ്ങൾ ഒരുക്കാതെയുമായിരുന്നു പ്രഖ്യാപനം.
ഒരു ഡോക്ടർ മാത്രമാണ് കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിച്ച് ആറ് മാസമായിട്ടും ഉള്ളത്. നേരത്തേ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടറെ വർക്കിങ് അറേജ്മെന്റിന്റെ പേരിൽ സ്ഥലം മാറ്റി. പി.എച്ച്.സി ആയിരുന്നപ്പോഴത്തെ കെട്ടിടങ്ങളല്ലാതെ ഒരുശൗചാലയംപോലും അധികമായി നിർമിച്ചിട്ടില്ല. ഫാർമസി ബ്ലോക്ക് നിർമിക്കുമെന്ന് പ്രഖ്യാപിച്ചതും വെറുതെയായി. പഞ്ചായത്ത് ഫണ്ടുകളും എച്ച്.എം.സി വരുമാനവും അവാർഡ് തുകയുമല്ലാതെ വലിയ ഫണ്ടുകളൊന്നും ആശുപത്രിയെ തേടിയെത്താത്തത് അവഗണനതന്നെയാണെന്ന് നാട്ടുകാർ പറയുന്നു.
1976 ൽ ഒരു സബ്സിഡിയറി ഹെൽത്ത് സെന്‍ററായി പ്രവർത്തനം ആരംഭിച്ച ആശുപത്രിയാണ് ഇന്ന് പേരിനെങ്കിലും കുടുംബാരോഗ്യകേന്ദ്രമായി ഉയർന്നത്. ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ആശുപത്രി ഇന്ന് 99 സെന്‍റിലാണ് പ്രവർത്തിക്കുന്നത്.
നൂറിലധികം രോഗികൾ നിത്യേന ചികിത്സക്ക് എത്തുന്നുണ്ട്. ജില്ലയിൽതന്നെ മികവിന് ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങിയ ആശുപത്രിയാണിത്.
219 സ്ഥിരം ജീവനക്കാരെ കൂടാതെ പഞ്ചായത്തിൽനിന്ന് നിയമിച്ച ആറും എൻ.എച്ച്.എം വഴിയുള്ള മൂന്ന് ജീവനക്കാരും ഉൾപ്പെടെ 28 ജീവനക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.