ആലപ്പുഴ: സൂനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി അനൗൺസ്മെന്റ് വാഹനത്തിലൂടെയുള്ള അറിയിപ്പിൽ ജനം പരിഭ്രാന്തരായി. മോക്ക്ഡ്രില്ലാണെന്ന് അറിഞ്ഞപ്പോൾ ആശ്വാസവും. പുറക്കാട് ബീച്ചിലായിരുന്നു പരിപാടി. ആദ്യമെത്തിയത് അനൗൺസ്മെന്റ് വാഹനമായിരുന്നു. പിന്നാലെ അഗ്നിരക്ഷാസേനയും പൊലീസ് വാഹനവും ആംബുലന്‍സുകളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. പ്രദേശത്തെ ജനങ്ങളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കും കെ.എസ്.ആർ.ടി.സി ബസിൽ ക്യാമ്പുകളിലേക്കും മാറ്റി.
വെള്ളിയാഴ്ച വൈകീട്ട് 4.35നാണ് സൂനാമി മുന്നറിയിപ്പായി അനൗൺസ്മെന്റ് വാഹനം പുറക്കാട് ബീച്ചിൽ എത്തിയത്. 4.37ന് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ബീച്ചിൽ കുഴഞ്ഞുവീണ നാലുപേരെ ആംബുലൻസുകളിൽ സമീപത്തെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ സമീപവാസികളെ ക്യാമ്പിലേക്ക് ഒഴിപ്പിച്ചു. ആദ്യം ജനങ്ങള്‍ പരിഭ്രമിച്ചെങ്കിലും സൂനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാവരും സഹകരിച്ചു.
കേരളത്തില്‍ സൂനാമി ദുരന്തം വിതച്ചതിന്റെ 18ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യന്‍ സമുദ്ര വിവര കേന്ദ്രം (ഇന്‍കോയിസ്) എന്നിവര്‍ ചേർന്നാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിനുശേഷം അവലോകന യോഗവും ചേർന്നു. കലക്ടര്‍ വി.ആർ. കൃഷ്ണ തേജയും പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു. സുനാമി അടക്കമുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കുന്നതിന് ജനങ്ങള്‍ക്ക് അറിവ് നല്‍കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് കലക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ വി. പ്രദീപ് കുമാർ, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, ജനപ്രതിനിധികളായ ജിനു രാജ്, ഫാസിൽ, സുഭാഷ് കുമാർ, അമ്മിണി വിജയൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. റവന്യൂ, ദുരന്ത നിവാരണം, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, പുറക്കാട് പഞ്ചായത്ത്, ആരോഗ്യം, കെ.എസ്.ആർ.ടി.സി, പൊലീസ് വിഭാഗങ്ങളും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.