അമ്പലപ്പുഴ: രാജവാഴ്ചക്കും ദിവാൻ ഭരണത്തിനും എതിരെ നടന്ന സമരങ്ങളുടെ ഉറവവറ്റാത്ത ഓർമകളുമായി 77ാമത് പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന് വെള്ളിയാഴ്ച കൊടിയുയരും. സി.എച്ച്. കണാരൻ ദിനമായ 20ന് രാവിലെ എട്ടിന് വിവിധ കേന്ദ്രങ്ങളിൽ പതാകയുയർത്തും. രാവിലെ 10ന് സാഹിത്യ, രചനാമത്സരങ്ങൾ സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും.
പുന്നപ്ര രക്തസാക്ഷി മണ്ഡപനടയിൽ ഉയർത്താനുള്ള രക്തപതാക സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അജയന്റെ സ്മരണാർഥം സഹധർമിണി ഗീതയിൽനിന്ന് വൈകീട്ട് മൂന്നിന് എച്ച്. സലാം എം.എൽ.എ ഏറ്റുവാങ്ങി സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി. സുരേന്ദ്രന് കൈമാറും. കൊടിമരം പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡ് പുതുവൽവെളിയിൽ സുരേന്ദ്രനിൽനിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ ഏറ്റുവാങ്ങി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. അശോക് കുമാറിന് കൈമാറും.
വൈകീട്ട് 5.30ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ പതാകയുയർത്തും. വൈകീട്ട് ആറിന് സി.എച്ച്. കണാരൻ അനുസ്മരണ സമ്മേളനം നടക്കും. 6.30ന് ‘ഭരണഘടന സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്തം’ സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10ന് സമരഭൂമി നഗറിൽ കലാസാഹിത്യ മത്സരങ്ങളും പി.കെ.സി സ്മാരക ഹാളിൽ രചനാമത്സരങ്ങളും തുടരും. 22ന് വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 23 രാവിലെ 9.30ന് പുന്നപ്ര സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടക്കും. വൈകീട്ട് ആറിന് പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.